ന്യൂഡൽഹി: 2008ലെ അഹമ്മദാബാദ് സീരിയൽ ബോംബ് സ്ഫോടനക്കേസിൽ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകൻ അഹമ്മദ് ബാവ എന്ന അബ്ബു അബൂബക്കർ ബറേൽവിയുടെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ച സ്റ്റേ ചെയ്തു. കേസിൽ 56 പേർ കൊല്ലപ്പെടുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജസ്റ്റിസുമാരായ വിക്രം നാഥ്, എ.ജി. മസീഹ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയച്ചത്. വധശിക്ഷ ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് അഹമ്മദ് ബാവ സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണക്കോടതിയിലെ രേഖകൾ ഹാജരാക്കാനും സുപ്രീംകോടതി നിർദേശിച്ചു. കേസിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇത് ഗൗരവമേറിയ കേസാണെന്ന് കോടതിയെ അറിയിച്ചു.
2008 ജൂലൈ 26ന് അഹമ്മദാബാദിലെ വിവിധ ഭാഗങ്ങളിലായി 70 മിനിറ്റിനുള്ളിൽ 21 ബോംബ് സ്ഫോടനങ്ങളാണ് നടന്നത്. 56 പേർ കൊല്ലപ്പെടുകയും 200ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ ചികിത്സയ്ക്കായി എത്തിച്ച ആശുപത്രികളിലും സ്ഫോടനങ്ങളുണ്ടായി. ഇന്ത്യയിലെ ഒരു ഭീകരാക്രമണത്തിൽ ചികിത്സാ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട ആദ്യ സംഭവമായിരുന്നു ഇതെന്നും കേസിൽ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
ജൂലൈ 7ന് ഗുജറാത്ത് ഹൈക്കോടതി കേസിലെ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകരായ 38 പേരുടെ വധശിക്ഷ ശരിവച്ചിരുന്നു. വലിയ തോതിലുള്ള ആൾനാശം, വിപുലമായ ഗൂഢാലോചന, സമൂഹത്തിൽ വ്യാപകമായ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ലക്ഷ്യം എന്നിവ വധശിക്ഷ ശരിവയ്ക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസിലെ മറ്റ് 11 പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവും ഹൈക്കോടതി ശരിവച്ചു. ഗുജറാത്തിലും കേരളത്തിലും നടന്ന ഭീകര പരിശീലന ക്യാംപുകളിൽ പങ്കെടുത്തതും ഗൂഢാലോചനയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകിയതും പ്രോസിക്യൂഷന് തെളിയിക്കാനായതായി കോടതി പറഞ്ഞു. സ്ഫോടനത്തിന് ഉപയോഗിച്ച സ്കൂട്ടറുകൾ, പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ, ക്ലോക്കുകൾ എന്നിവ ശേഖരിച്ചതിലും മറ്റ് പ്രതികൾക്ക് താമസസൗകര്യം ഒരുക്കിയതിലും ഇവർ പങ്കാളികളായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
കൂടാതെ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം, കേസിലെ പങ്ക്, ഗൂഢാലോചനയുടെ വ്യാപ്തി എന്നിവയും ഹൈക്കോടതി പരിഗണിച്ചിരുന്നു. വിചാരണയ്ക്കിടെ പ്രതികളുടെ പെരുമാറ്റം, നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടത്, ആക്രമണത്തിന്റെ രീതിയും വ്യാപ്തിയും എന്നിവ വധശിക്ഷയ്ക്ക് അനുകൂലമായ സാഹചര്യങ്ങളായി കോടതി വിലയിരുത്തി.
ചില പ്രതികൾക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ജയിലിൽ കഴിയുന്നതിനിടെ അച്ചടക്ക നടപടികൾ നേരിട്ടിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മാത്രമല്ല പ്രതികളിൽ ആരും പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും ശിക്ഷയിൽ ഇളവ് നൽകാൻ മതിയായ സാഹചര്യം രേഖകളിൽ ഇല്ലെന്നും കോടതി പറഞ്ഞിരുന്നു. സ്ഫോടനക്കേസിലെ പ്രതികൾക്ക് ചുമത്തിയ പിഴയും ഹൈക്കോടതി ശരിവച്ചു. കുറ്റകൃത്യത്തിന്റെ വ്യാപ്തി, പൊതുമുതലിനുണ്ടായ നാശനഷ്ടം, വലിയ തോതിലുള്ള മരണങ്ങളും പരിക്കുകളും എന്നിവ കണക്കിലെടുത്താണ് പിഴ ന്യായീകരിച്ചതെന്ന് കോടതി വ്യക്തമാക്കി.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവർക്ക് 5 ലക്ഷം രൂപ വീതവും ഗുജറാത്ത് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. 2027 മാർച്ച് 30നകം നഷ്ടപരിഹാരം നൽകണമെന്നാണ് നിർദേശം. നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) മുൻ നേതാവ് സഫ്ദർ നഗോറിയും കേസിലെ പ്രതിയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, കേരളം, ഉത്തർപ്രദേശ് തുടങ്ങിയ 11 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കേസിലെ മറ്റ് പ്രതികൾ.
അഹമ്മദാബാദ് സ്ഫോടനവുമായി ബന്ധപ്പെട്ട 20 എഫ്ഐആറുകളും സൂറത്തിൽ കണ്ടെത്തിയ പൊട്ടാത്ത ബോംബുകളുമായി ബന്ധപ്പെട്ട 15 കേസുകളും ഉൾപ്പെടെ 35 പോലീസ് കേസുകൾ ലയിപ്പിച്ചാണ് വിചാരണ നടത്തിയത്. ആകെ 78 പേരെയാണ് വിചാരണ ചെയ്തത്. ഇതിൽ 49 പേരെ പ്രത്യേക കോടതി കുറ്റക്കാരായി കണ്ടെത്തി.
2022 ഫെബ്രുവരിയിൽ പ്രത്യേക കോടതി 38 പ്രതികൾക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. ഒരൊറ്റ കേസിൽ 38 പ്രതികൾക്ക് ഒരേസമയം വധശിക്ഷ വിധിച്ച രാജ്യത്തെ ആദ്യ കോടതി വിധിയായിരുന്നു ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1991ലെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധക്കേസിൽ 1998 ജനുവരിയിൽ തമിഴ്നാട്ടിലെ ടാഡ കോടതി 26 പ്രതികൾക്കും വധശിക്ഷ വിധിച്ചിരുന്നു.





