ആലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും വിവാദ പരാമർശവുമായി ജി. സുധാകരൻ എംഎൽ. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ വി.എസ്. നേരിട്ട് രംഗത്തിറങ്ങിയെന്നാണ് ജി. സുധാകരൻറെ പരാമർശം. അന്ന് വി.എസിൻറെ നടപടികളോട് താൻ യോജിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പലപ്പുഴയിൽ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു സുധാകരൻ വിവാദ വെളിപ്പെടുത്തൽ നടത്തിയത്.
അന്ന് മന്ത്രിസഭ യോഗം ചേർന്നു കൊണ്ടിരുന്ന സമയത്ത് വി.എസ്. അച്യുതാനന്ദൻ തൻറെ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്ത് വായിച്ചതായി സുധാകരൻ ഓർമിച്ചു. കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു എന്നായിരുന്നു ആ പേപ്പറിൽ ഉണ്ടായിരുന്നത്. എന്നാൽ ആ നീക്കത്തെ അന്ന് താൻ ശക്തമായി എതിർത്തു. തനിക്കൊപ്പം എസ്. ശർമയും ജെ. മേഴ്സിക്കുട്ടിയമ്മയും അന്ന് പ്രോസിക്യൂഷൻ അനുമതിയെ എതിർത്ത് രംഗത്തു വന്നിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
മന്ത്രിമാരുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുയർന്നതോടെ “എന്നാൽ ഇത് ഇവിടെ കിടന്നോട്ടെ” എന്ന് പറഞ്ഞ് വി.എസ്. ആ പേപ്പർ തിരിച്ച് ജുബ്ബയുടെ പോക്കറ്റിൽ തന്നെ വയ്ക്കുകയാണുണ്ടായതെന്നും സുധാകരൻ വ്യക്തമാക്കി. അതുപോലെ കമ്യൂണിസ്റ്റ് മൂല്യങ്ങൾ മറന്ന പിണറായി വിജയനാണ് വർഗവഞ്ചകനാണെന്നും ജി. സുധാകരൻ വിശേഷിപ്പിച്ചിരുന്നു. പിണറായി വിജയൻ തീക്കൊള്ളികൊണ്ടു തലചൊറിയുകയാണ്. 52 വെട്ടേറ്റ് ടി.പി. ചന്ദ്രശേഖരൻ മരിച്ചിട്ടും ഒരക്ഷരം പറയാത്ത കഠോര ഹൃദയനാണ് പിണറായി. പകയും പ്രതികാരവുമാണ് പിണറായി പരത്തുന്നത്. വിപുലീകൃത ജില്ലാ കമ്മിറ്റിയെന്നു പേരിട്ടു തട്ടിപ്പു പരിപാടിയാണു നടത്തുന്നതെന്നും ആർഎംപി ജില്ലാ കമ്മിറ്റി ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞിരുന്നു.




