തൃശൂർ: തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിക്കും ആൺസുഹൃത്തിനുമെതിരെ ക്വട്ടേഷൻ നൽകി യുവാവിന്റെ ഭാര്യ. യുവതിയുടെ നിർദേശപ്രകാരം പോലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ കയ്യും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിലെ ആശുപത്രിയിൽ തള്ളി.
ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത അഞ്ചംഗ ഗുണ്ടാസംഘമാണു കൃത്യത്തിനു പിന്നിലെന്നു കണ്ടതോടെ 5 പേരെയും വിവിധയിടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു. അതേസമയം ഏതാനും ദിവസം മുൻപാണു സംഭവം. തിരുപ്പൂർ സ്വദേശിയായ യുവാവും യുവതിയും കൂടി തൃശൂരിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്‍ജിൽ മുറിയെടുത്തു. യുവാവിൽ സംശയം തോന്നിയ ഭാര്യ ഇയാളുടെ ഫോൺ ലൊക്കേഷൻ പിന്തുടർന്ന ശേഷം ഒരു ക്വട്ടേഷൻ സംഘത്തിനു വിവരങ്ങൾ കൈമാറുകയായിരുന്നു.
തുടർന്ന് 5 പേരടങ്ങുന്ന സംഘം പോലീസ് ചമഞ്ഞു തൃശൂരിലെത്തിയ ശേഷം ലോഡ്‍ജിൽ ഇവരുടെ മുറിക്കുള്ളിൽ അതിക്രമിച്ചു കയറി. യുവാവിന്റെയും യുവതിയുടെയും കയ്യും കാലും തുണികൊണ്ടു കെട്ടിയ ശേഷം വായിലും തുണി തിരുകി കാറിൽ കയറ്റി. തിരുപ്പൂരിലേക്കുള്ള മടക്കയാത്രയിലുടനീളം യുവാവിനെ ക്രൂരമായി മർദിച്ചു. യുവാവിന്റെ കയ്യും കാലും പലയിടത്തായി തല്ലിയൊടിച്ചു. തുടർന്ന് ഇയാളെ തിരുപ്പൂരിനു സമീപമുള്ള ആശുപത്രിക്കു മുന്നിൽ തള്ളിയ ശേഷം 5 അംഗ സംഘത്തിലെ 2 പേർ ചേർന്നു യുവതിയെ മറ്റൊരു കാറിലേക്കു മാറ്റി. ഈ രണ്ടു പേർ ചേർന്നാണു യുവതിയെ പീഡനത്തിനിരയാക്കിയത്. പരുക്കേറ്റ യുവതിയിൽ നിന്നു ലഭിച്ച വിവരങ്ങൾ പ്രകാരം തമിഴ്നാട് പോലീസ് കേസെടുത്തു തൃശൂർ സിറ്റി പോലീസിനു കൈമാറി.
സിറ്റി പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിൽ പ്രതികളിലൊരാളെ നെടുമ്പാശേരി എയർപോർട്ടിനു സമീപത്തു നിന്നു കണ്ടെത്തിയത് കേസിൽ നിർണായകമായി. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 3 പേരെ തിരുപ്പൂരിൽ നിന്നും ഒരാളെ പഴനിയിൽ നിന്നുമാണു പിടികൂടിയത്.





