ന്യൂഡൽഹി: “നോക്കൂ, പപ്പ വന്നിരിക്കുന്നു” എന്ന് മൂന്ന് വയസുള്ള മകളോട് പറഞ്ഞ യുവതിയോട് “ഏത് പപ്പയാണ്?” എന്ന് ചോദിച്ചതിന് ഒരാളെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) 509-ാം വകുപ്പ് പ്രകാരം കുറ്റക്കാരനായി വിധിച്ച് ഡൽഹി കോടതി. സ്ത്രീയുടെ മാന്യതയെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ വാക്കുകളോ പ്രവൃത്തികളോ നടത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പ്.
സംഭവം ഇങ്ങനെ പ്രാദേശികമായി വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന ജോലി ചെയ്തിരുന്ന ഗിർധാരി ലാൽ തെരുവിന്റെ ഒരു മൂലയിൽ ഇരിക്കുകയായിരുന്നു. യുവതി മകളോട് “പപ്പ വന്നിരിക്കുന്നു” എന്ന് പറഞ്ഞതിന് പിന്നാലെയാണ് ലാൽ “ഏത് പപ്പയാണ്?” എന്ന് ചോദിച്ചത്. യുവതി പരാമർശം അവഗണിച്ചെങ്കിലും പിന്നീട് ഭർതൃപിതാവിനെ ഈ വിവരമറിയിച്ചു. തുടർന്ന് അദ്ദേഹം പോലീസിനെ ബന്ധപ്പെടുകയായിരുന്നു.
പരാമർശം നിഷ്കളങ്കമായ ഒരു ചോദ്യമായി കാണാനാകില്ലെന്ന് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മോക്ഷ ബെയിൻസ് വ്യക്തമാക്കി. വാക്കുകളുടെ അർഥം അക്ഷരാർഥത്തിൽ മാത്രം വിലയിരുത്താതെ അവ പറഞ്ഞ സാഹചര്യവും പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ ലാൽ നടത്തിയ പരാമർശം യുവതിയുടെ വിശ്വസ്തതയെയും കുട്ടിയുടെ പിതൃത്വത്തെയും കുറിച്ച് ലൈംഗികമായും അപകീർത്തികരമായും സൂചന നൽകുന്നതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ക്രിമിനൽ പ്രൊസീജർ കോഡിലെ 313-ാം വകുപ്പ് പ്രകാരം നൽകിയ മൊഴിയിൽ ലാൽ താൻ അത്തരമൊരു പരാമർശം നടത്തിയതായി സമ്മതിച്ചിരുന്നു. എന്നാൽ മോശം ഉദ്ദേശത്തോടെയല്ല താൻ അത് പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ലാലിന്റെ സമ്മതവും യുവതിയുടെ മൊഴിയും ചേർത്തുനോക്കുമ്പോൾ പരാമർശം അദ്ദേഹം നടത്തിയെന്നതിന് കൂടുതൽ ഉറപ്പു ലഭിക്കുന്നതായി കോടതി പറഞ്ഞു.
കുട്ടിയുടെ പിതാവായി വിശേഷിപ്പിക്കാവുന്ന ഒന്നിലധികം പുരുഷന്മാർ ഉണ്ടായിരിക്കാമെന്ന തരത്തിലുള്ള സൂചനയാണ് “ഏത് പപ്പയാണ്?” എന്ന പരാമർശത്തിലൂടെ നൽകുന്നതെന്ന് കോടതി വിലയിരുത്തി. ഇത് വെറും മര്യാദകേടോ സാധാരണ പരിഹാസമോ മാത്രമല്ലെന്നും ഒരു സ്ത്രീയുടെ അന്തസ്സിനെയും മാന്യതാബോധത്തെയും വ്രണപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ളതാണെന്നും കോടതി വ്യക്തമാക്കി. പരാമർശത്തിന് നിഷ്കളങ്കമായ അർഥം നൽകാൻ കഴിയുന്ന തരത്തിലുള്ള സാഹചര്യങ്ങളൊന്നും കേസിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ജഡ്ജി പറഞ്ഞു.
സംഭവത്തിന് സ്വതന്ത്ര സാക്ഷികളില്ലെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളി. യുവതി സംഭവത്തിന്റെ നേരിട്ടുള്ള സാക്ഷിയാണെന്നും വിചാരണയ്ക്കിടെ അവരുടെ മൊഴിയിൽ കാര്യമായ വൈരുധ്യമൊന്നും ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലാൽ തന്നെ പരാമർശം നടത്തിയതായി സമ്മതിച്ചതും പ്രോസിക്യൂഷന്റെ വാദത്തെ പിന്തുണയ്ക്കുന്നതായി കോടതി വിലയിരുത്തി.
യുവതിയെ കേൾപ്പിക്കണമെന്ന ഉദ്ദേശത്തോടെയും അവളുടെ മാന്യതയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുമാണ് ലാൽ പരാമർശം നടത്തിയതെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മോക്ഷ ബെയിൻസ് ലാലിനെ IPC 509-ാം വകുപ്പ് പ്രകാരം കുറ്റക്കാരനായി വിധിച്ചത്. അതേസമയം, ലാലിനുള്ള ശിക്ഷ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ശിക്ഷയുടെ അളവ് സംബന്ധിച്ച് പ്രത്യേകം വാദം കേൾക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.




