ദുബായ്-ടെൽ അവീവ് വിമാനത്തിൽ കോ-പൈലറ്റ് വിമാനത്തിന്റെ സംവിധാനങ്ങളിൽ അട്ടിമറി നടത്താൻ ശ്രമിച്ചെന്ന ആരോപണത്തിനിടെ ധീരമായി ഇടപെട്ട ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഭവത്തിനിടെ കുത്തേറ്റും ഗുരുതരമായി പരുക്കേറ്റും കിടന്നിട്ടും കോ-പൈലറ്റിനെ ചെറുത്ത് വിമാനം വലിയ ദുരന്തത്തിൽപ്പെടുന്നത് തടഞ്ഞ മച്ചാറിന്റെ ധൈര്യത്തെ ട്രൂ ഹീറോയെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.
എക്‌സിലെ കുറിപ്പിൽ നെതന്യാഹു പറഞ്ഞു, “അസാധാരണമായ ധൈര്യം കാട്ടിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് എന്റെ അഭിവാദ്യം.” കുത്തേറ്റും ഗുരുതരമായി പരിക്കേറ്റും കിടന്നിട്ടും മച്ചാർ തിരിച്ചടിച്ചെന്നും കോക്പിറ്റ് വാതിൽ തുറന്നെന്നും നെതന്യാഹു പറഞ്ഞു. ഇതോടെ യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് ആക്രമിയെ കീഴടക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
മച്ചാറിന്റെ ഇടപെടൽ വിമാനത്തിലുണ്ടായിരുന്ന ഏകദേശം 180 പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചെന്നും വലിയൊരു വായു ദുരന്തം ഒഴിവാക്കാൻ ഇതിലൂടെ കഴിഞ്ഞെന്നും നെതന്യാഹു പറഞ്ഞു. പരിക്കേറ്റ പൈലറ്റിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. “യഥാർഥ ഹീറോ” എന്നാണ് നെതന്യാഹു മച്ചാറിനെ വിശേഷിപ്പിച്ചത്.
സൈപ്രസിലെ ഇസ്രയേൽ അംബാസഡർ റുവെൻ അസറും ഇന്ത്യൻ പൈലറ്റിന് ആദരമർപ്പിച്ചു. ആക്രമണത്തെ ചെറുക്കാൻ സഹായിച്ച യാത്രക്കാരെയും വിമാന ജീവനക്കാരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ക്യാപ്റ്റൻ മച്ചാറിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കുന്നതായി എക്‌സിൽ കുറിച്ച അസർ, അദ്ദേഹത്തെ പരിചയസമ്പന്നനും കഴിവുറ്റതുമായ പൈലറ്റെന്ന് വിശേഷിപ്പിച്ചു. മച്ചാറിന്റെയും ഇസ്രയേലി, എമിറാത്തി യാത്രക്കാരുടെയും ജീവനക്കാരുടെയും ധൈര്യം 180 പേരുടെ ജീവൻ രക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരെ ഒരുമിച്ച് എന്ന ആഹ്വാനവും അസർ മുന്നോട്ടുവച്ചു.
ഇന്ത്യൻ പൗരനായ ക്യാപ്റ്റൻ സ്മിത് മച്ചാർ കഴിഞ്ഞ നാല് വർഷമായി യുഎഇ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈദുബായിയിൽ ജോലി ചെയ്യുകയാണ്. ഇതിന് മുമ്പ് പത്ത് വർഷത്തോളം അദ്ദേഹം സ്പൈസ്‌ജെറ്റിൽ സേവനമനുഷ്ഠിച്ചിരുന്നു. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം ബോയിങ് 737 വിമാനങ്ങളിൽ 13 വർഷത്തിലേറെ വാണിജ്യ വ്യോമയാന പരിചയമുള്ളയാളാണ് മച്ചാർ. ലൈൻ ട്രെയിനിങ് ക്യാപ്റ്റനായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം 9,750ലേറെ മണിക്കൂർ പറക്കൽ പരിചയവും നേടിയിട്ടുണ്ട്.
2011ലാണ് മച്ചാർ സ്പൈസ്‌ജെറ്റിൽ ചേർന്നത്. അവിടെ ലൈൻ ട്രെയിനിങ് ക്യാപ്റ്റൻ, സീനിയർ കമാൻഡർ തുടങ്ങിയ വിവിധ ചുമതലകൾ വഹിച്ചിരുന്നു. 2022 ജൂണിൽ സ്പൈസ്‌ജെറ്റ് വിട്ട അദ്ദേഹം ഡയറക്ട് എൻട്രി ക്യാപ്റ്റനായി ഫ്ലൈദുബായിയിൽ ചേർന്നു. മച്ചാറിന്റെ സഹോദരനും അടുത്തിടെ ഫ്ലൈദുബായിയിൽ ജോലിയിൽ പ്രവേശിച്ചതായാണ് വിവരം.





