ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അട്ടിമറി ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ച്ഛറെന്ന് തിരിച്ചറിഞ്ഞു. വിമാനത്തിന്റെ സംവിധാനങ്ങൾ തകർക്കാൻ സഹപൈലറ്റ് ശ്രമിച്ചതായാണ് ആരോപണം. ഇതു തടുക്കുന്നതിനായി ഏറ്റുമുട്ടിയ ക്യാപ്റ്റൻ മച്ച്ഛറിന് കുത്തേറ്റു. രക്തത്തിൽ കുളിച്ച നിലയിലുള്ള അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യാത്രക്കാർ അദ്ദേഹത്തെ ‘ഹീറോ’ എന്നാണ് വിശേഷിപ്പിച്ചത്.
ഏകദേശം 180 യാത്രക്കാരുമായി ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ 1073 വിമാനമാണ് വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ആകാശത്തുകൂടി വിമാനം സഞ്ചരിക്കുന്നതിനിടെയാണ് കോക്പിറ്റിൽ സംഘർഷമുണ്ടായത്. സഹപൈലറ്റ് വിമാനത്തിന്റെ സംവിധാനങ്ങളിൽ ഇടപെട്ട് അട്ടിമറി നടത്താൻ ശ്രമിച്ചതായാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയിൽ പറയുന്നത്.
സഹപൈലറ്റിനെ തടയാൻ ക്യാപ്റ്റൻ സ്മിത് മച്ച്ഛർ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. മുഖത്തും കൈകളിലും രക്തം പുരണ്ട നിലയിൽ അദ്ദേഹം കോക്പിറ്റിലെ തറയിൽ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഘർഷത്തെ തുടർന്ന് വിമാന റാഞ്ചൽ സംബന്ധിച്ച ആശങ്കകൾ ഉയർന്നെങ്കിലും പിന്നീട് അത് ഒഴിവാക്കുകയായിരുന്നു.
തുടർന്ന് മറ്റ് പൈലറ്റുമാരിൽ ചിലർ കോക്പിറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം വഴിതിരിച്ചുവിട്ട് സൗദി അറേബ്യയിലെ സുരക്ഷിതമായ സ്ഥലത്ത് ലാൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ ഭീകരാക്രമണ സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇസ്രയേൽ അധികൃതർ അന്വേഷിച്ചുവരികയാണ്.
ക്യാപ്റ്റൻ സ്മിത് മച്ച്ഛർ ആരാണ്?
ഇന്ത്യൻ പൗരനായ സ്മിത് മച്ച്ഛർ കഴിഞ്ഞ നാല് വർഷമായി ഫ്ലൈദുബായിയിൽ ജോലി ചെയ്യുകയായിരുന്നു. യുഎഇ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ലോ-കോസ്റ്റ് എയർലൈനാണ് ഫ്ലൈദുബായ്. ഫ്ലൈദുബായിൽ ചേരുന്നതിന് മുമ്പ് ഏകദേശം 10 വർഷം അദ്ദേഹം സ്പൈസ്‌ജെറ്റിൽ ജോലി ചെയ്തിരുന്നു.
മച്ച്ഛറിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം, ബോയിങ് 737 വിമാനങ്ങളിൽ 13 വർഷത്തിലേറെ വാണിജ്യ വിമാന സർവീസ് പരിചയമുണ്ട്. ലൈൻ ട്രെയിനിങ് ക്യാപ്റ്റനായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം 9,750 മണിക്കൂറിലേറെ വിമാനം പറത്തിയിട്ടുണ്ട്.
2011ലാണ് മച്ച്ഛർ സ്പൈസ്‌ജെറ്റിൽ ചേർന്നത്. അവിടെ ലൈൻ ട്രെയിനിങ് ക്യാപ്റ്റൻ, സീനിയർ കമാൻഡർ തുടങ്ങിയ വിവിധ ചുമതലകൾ വഹിച്ചു. 2022 ജൂണിൽ സ്പൈസ്‌ജെറ്റ് വിട്ട അദ്ദേഹം അതേ വർഷം ഫ്ലൈദുബായിയിൽ ഡയറക്ട് എൻട്രി ക്യാപ്റ്റനായി ചേർന്നു.
FZ 1073 വിമാനത്തിൽ സംഭവിച്ചത്
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്നുകൊണ്ടിരുന്ന FZ 1073 വിമാനത്തിൽ യാത്രയ്ക്കിടെ കോക്പിറ്റിൽ അപ്രതീക്ഷിതമായി സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. വിമാനത്തിന്റെ സംവിധാനങ്ങളിൽ ഇടപെട്ട് അട്ടിമറി നടത്താൻ ഒരു പൈലറ്റ് ശ്രമിച്ചതായാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.
ഇത് തടയാൻ ക്യാപ്റ്റൻ മച്ച്ഛർ ശ്രമിച്ചെങ്കിലും സംഘർഷത്തിനിടെ അദ്ദേഹത്തിന് കുത്തേറ്റു. പിന്നീട് ഒരു ക്രൂ അംഗവും ഒരു യാത്രക്കാരനും കോക്പിറ്റിൽ പ്രവേശിച്ച് പ്രതിയെ കീഴടക്കുകയായിരുന്നുവെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നിൽ ഭീകരബന്ധമുണ്ടോയെന്നും അധികൃതർ അന്വേഷിച്ചുവരികയാണ്.




