ദുബൈ: ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി. ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് സംഭവം. വിമാനത്തിലെ രണ്ട് പൈലറ്റുമാർക്ക് പരിക്കേറ്റതായും ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സൗദിയിലെ തബൂക്ക് വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
വിമാനത്തിനുള്ളിൽ നടന്ന സംഭവത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, സഹപൈലറ്റ് പൈലറ്റിനെ കുത്തിയതായും തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തിന് പിന്നാലെ വിമാനം കുത്തനെ താഴേക്ക് ഇറങ്ങിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ സംഭവത്തിന്റെ മുഴുവൻ വിശദാംശങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പൈലറ്റുമാർ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ വിമാനത്തിൽ നിന്ന് ഹൈജാക്കിങ് സൂചിപ്പിക്കുന്ന 7500 എമർജൻസി കോഡ് ലഭിച്ചതാണ് ആശങ്കയ്ക്കിടയാക്കിയത്. ഇതോടെ വിമാനം തട്ടിക്കൊണ്ടുപോയെന്ന സംശയം ഉയരുകയും ഇസ്രായേൽ ഭാഗത്ത് സുരക്ഷാ നടപടികൾ ശക്തമാക്കുകയും ചെയ്തു. പിന്നീട് വിമാനം തബൂക്കിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
സംഭവം ഭീകരാക്രമണ ശ്രമമാണോ എന്നതും അന്വേഷിക്കുന്നുണ്ട്. വിമാനത്തെ തകർക്കാൻ ലക്ഷ്യമിട്ട ശ്രമമായിരുന്നുവെന്ന് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച് ആരോപിച്ചു. സംഭവത്തിന് പിന്നിൽ ആരാണെന്നും ഉദ്ദേശ്യം എന്താണെന്നും കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇത് സംബന്ധിച്ച അന്തിമ നിഗമനത്തിലേക്ക് അന്വേഷണ ഏജൻസികൾ എത്തിയിട്ടില്ല.
വിമാനം ഏകദേശം 180 പേരുമായി ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്നു. സംഭവത്തിനിടെ യാത്രക്കാർ നിലവിളി കേട്ടതായും വിമാനം പെട്ടെന്ന് താഴേക്ക് ഇറങ്ങിയതായും ചില യാത്രക്കാർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. വിമാനം സുരക്ഷിതമായി തബൂക്കിൽ ഇറങ്ങിയതിന് പിന്നാലെ പരിക്കേറ്റ രണ്ട് പൈലറ്റുമാരെയും ആശുപത്രിയിലേക്ക് മാറ്റി.
ഫ്ലൈദുബായ് ഔദ്യോഗികമായി സ്ഥിരീകരിച്ചത് വിമാനം യാത്രയ്ക്കിടെ ഒരു സംഭവത്തിൽപ്പെട്ടതിനെ തുടർന്ന് തബൂക്കിൽ സുരക്ഷിതമായി ഇറങ്ങിയെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നുമാണ്. കൂടുതൽ സ്ഥിരീകരിച്ച വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.






