കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ മേൽ തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ചെറുമകൾ പിടിയിൽ. ആയൂർ സ്വദേശി അമൃത (18) യാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. മാതാവ് അശ്വതി (37) പറഞ്ഞതിനാലാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത മൊഴി നൽകി. അശ്വതി ഇപ്പോഴും ഒളിവിലാണ്. ഈ മാസം 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്ക് (61) പൊള്ളലേറ്റത്.
സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോഴും കടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു പിന്നാലെ, അന്ന് രാത്രി തന്നെ അശ്വതി ഭർത്താവിന്റെ വീട്ടിൽ മകളെ കൊണ്ടുചെന്നാക്കി. അവിടെ നിന്നാണ് അമൃത പിടിയിലായത്. അശ്വതി എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
തിരുവനന്തപുരത്തേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ അമൃതയാണ് ഒന്നാം പ്രതി. അമ്മ അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടു എന്നാണ് അമൃതയുടെ മൊഴി. ഹണി ട്രാപ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി.




