തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കാരായ 1600 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ 250 പേർ റെഡ് കാറ്റഗറിയിലാണെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. പ്രോജക്ട് സീറോയുടെ ഭാഗമായി തയ്യാറാക്കിയ പട്ടികയിൽ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് കൂടുതലുള്ളതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വൻതോതിൽ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ ഓരോരുത്തരായി പിടികൂടുന്നുണ്ടെന്നും മനോജ് എബ്രഹാം വ്യക്തമാക്കി. എന്നാൽ കൈക്കൂലി വാങ്ങുന്ന രീതിയിൽ വലിയ മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് പണം കൈമാറുന്നതിന് പകരം ഡിജിറ്റൽ മാർഗങ്ങളിലൂടെയാണ് പലരും കൈക്കൂലി സ്വീകരിക്കുന്നത്.
വിദേശത്ത് പഠിക്കുന്ന മകളുടെ അക്കൗണ്ടിലേക്ക് വരെ ഇടനിലക്കാർ വഴി കൈക്കൂലി പണം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ടെന്നും വിജിലൻസ് ഡയറക്ടർ പറഞ്ഞു. ഇത്തരം ഇടപാടുകളിൽ ബിനാമി സംവിധാനങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഫയൽ കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. ഇടപാടുകളിലോ പ്രവർത്തനങ്ങളിലോ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ നിരീക്ഷണം ശക്തമാക്കുമെന്നും വിജിലൻസ് ഡയറക്ടർ വ്യക്തമാക്കി.






