പൂനെ: 25കാരനായ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൂനെ പോലീസ് സമർപ്പിച്ച 5,053 പേജുള്ള കുറ്റപത്രത്തിൽ നിർണായക വിവരങ്ങൾ. കേതനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ബെംഗളൂരുവിലേക്ക് കൊണ്ടുപോയി കൈകാലുകൾ തകർക്കാനായിരുന്നു പ്രതികൾ ആദ്യം പദ്ധതിയിട്ടതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിലെ മൂന്ന് പ്രതികളിൽ ഒരാളായ റിതേഷ് ഹാംഗെ ബെംഗളൂരുവിലുള്ള സുഹൃത്തുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നുവെന്നും എന്നാൽ ആ സുഹൃത്ത് പദ്ധതിയെ എതിർത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പൂനെയിലെ ലോഹഗഡ് കോട്ടയിൽ നിന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പ്രതികൾക്കെതിരായ കേസ്. കൊലപാതകത്തിൽ കേതന്റെ പ്രതിശ്രുതവധു സിയ ഗോയൽ, കാമുകൻ ചേതൻ ചൗധരി, റിതേഷ് ഹാംഗെ എന്നിവരാണ് അറസ്റ്റിലായത്. പൂനെ സ്വദേശികളായ കേതനും സിയയും ഫെബ്രുവരിയിലാണ് വിവാഹനിശ്ചയം നടത്തിയത്. നവംബറിൽ ജയ്പൂരിൽ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ സിയയ്ക്ക് കേതനെ വിവാഹം കഴിക്കാൻ താൽപര്യമില്ലായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. കുറ്റപത്രം പ്രകാരം ആദ്യം കേതന്റെ കൈകാലുകൾ തകർക്കാനായിരുന്നു പ്രതികളുടെ ആലോചന. എന്നാൽ ബെംഗളൂരുവിലെ സുഹൃത്ത് ഇതിനെ എതിർത്തതോടെ കേതനെ നേരിട്ട് കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി പ്രതികൾ ക്രൈം സിനിമകൾ കാണുകയും ചാറ്റ്ജിപിടിയുടെ സഹായം തേടുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പോലീസ് പിടിയിലാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള പോഡ്കാസ്റ്റുകളും പ്രതികൾ കേട്ടിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.
ജൂൺ ആറിന് വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിനായി യാത്ര ചെയ്യുന്നതിനിടെ കേതന്റെ പാസ്‌പോർട്ട് സിയ കീറിയതായി പോലീസ് പറയുന്നു. കഫേയിലെ ശുചിമുറിയിൽ പാസ്‌പോർട്ട് ഉപേക്ഷിച്ചതോടെ യാത്ര മുടങ്ങി. അതേസമയം പാസ്‌പോർട്ട് കീറാനുള്ള ആശയം ചേതൻ ചൗധരിയുടേതായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
തുടർന്ന് കേതനെ ലോഹഗഡ് കോട്ടയിലേക്ക് എത്തിക്കുന്നതിനായി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടും സൃഷ്ടിച്ചു. പ്രതികൾക്ക് പരിചയമുള്ള ഒരു യുവതിയുടെ ചിത്രം ഉപയോഗിച്ച് ‘മാഹി’ എന്ന പേരിലാണ് അക്കൗണ്ട് ഉണ്ടാക്കിയത്. ജൂൺ 18ന് സിയയുടെ പേരിലുള്ള സർപ്രൈസ് പിറന്നാൾ പരിപാടിക്കായി ലോഹഗഡ് കോട്ടയിലെത്തണമെന്ന് വ്യാജ അക്കൗണ്ടിലൂടെ കെതന് സന്ദേശങ്ങൾ അയച്ചു. കേതനെ കോട്ടയിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് റിതേഷ് ഹാംഗെ ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
അതേസമയം കേതനെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് സിയ നിരവധി പേരോട് പറഞ്ഞിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. സിയയും സുഹൃത്തും തമ്മിലുള്ളതായി പറയപ്പെടുന്ന സ്നാപ്ചാറ്റ് സംഭാഷണത്തിലും വിവാഹവുമായി ബന്ധപ്പെട്ട പരാമർശങ്ങളുണ്ട്. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി സുഹൃത്തിന്റെ ആധാർ കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട സിയ, നടക്കാൻ പോകാത്ത വിവാഹത്തിനായാണ് ടിക്കറ്റ് എടുക്കുന്നതെന്ന തരത്തിൽ സന്ദേശം അയച്ചതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഇതിനിടെ ലോഹഗഡ് കോട്ടയിൽ കേതനെ കൊക്കയിലേക്ക് തള്ളിയിടുന്നത് നേരിട്ട് കണ്ടതായി ഒരു ദൃക്‌സാക്ഷി പോലീസിനോട് മൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ വ്യക്തിവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ മാധ്യമങ്ങളിൽ വാർത്തകൾ വന്നതിനെ തുടർന്നാണ് ദൃക്‌സാക്ഷി പോലീസിനെ സമീപിച്ച് മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. കേതന് സംഭവിച്ചതുപോലെ തന്നെ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടുമെന്ന് ചേതൻ ചൗധരി ഭീഷണിപ്പെടുത്തിയതായും ദൃക്‌സാക്ഷി ആരോപിച്ചു.
കേസിൽ ദൃക്‌സാക്ഷിയുടേതുൾപ്പെടെ നിരവധി പേരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നെയിൽ ആർട്ട് ആർട്ടിസ്റ്റിന്റെയും മൊഴി അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ അന്വേഷണം തുടരുകയാണ്. അഭിഭാഷകൻ ഉജ്ജ്വൽ നികമിനെ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.




