വിജയവാഡ: ആന്ധ്രപ്രദേശിലെ മാംഗളഗിരി സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കനാലിൽ തള്ളിയ സംഭവത്തിൽ 35കാരനായ മട്ടൺ കടയുടമ അറസ്റ്റിൽ. ഭവാനിപുരത്തെ വീട്ടിൽ വച്ച് സെപ്റ്റംബർ 17ന് കല്യാണി എന്ന യുവതിയെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കല്യാണിയുടെ മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങൾ ഇബ്രാഹിംപട്ടണത്തെ വിടിപിഎസ് കൂളിങ് കനാലിൽനിന്നാണ് കണ്ടെത്തിയത്. സെപ്റ്റംബർ 18നാണ് കേസിന്റെ വിവരം പുറത്തറിയുന്നത്. കൂളിങ് കനാലിന് സമീപം തലയില്ലാത്ത മൃതദേഹത്തിന്റെ ഉടൽഭാഗം കിടക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ഇബ്രാഹിംപട്ടണം പോലീസ് സ്ഥലത്തെത്തി കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അടുത്ത ദിവസം ഡ്രോണുകളുടെയും എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കനാലിൽ നടത്തിയ പരിശോധനയിൽ യുവതിയുടെ തല, കാലുകൾ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവ കണ്ടെത്തി. എന്നാൽ ഒരു കൈ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
അജ്ഞാത മൃതദേഹത്തിന്റെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടതോടെയാണ് യുവതിയെ തിരിച്ചറിഞ്ഞത്. കൈയിലെ ടാറ്റൂ ഉൾപ്പെടെയുള്ള അടയാളങ്ങൾ ശ്രദ്ധയിൽപ്പെട്ട സഹോദരൻ മൃതദേഹം കല്യാണിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. കേസിൽ മുഹമ്മദ് ഷാഫി (35)യെ സെപ്റ്റംബർ 27ന് പോലീസ് അറസ്റ്റ് ചെയ്തു. മട്ടൺ കട നടത്തുന്ന ഷാഫി ഭാര്യയെയും മക്കളെയും ഗുണ്ടൂരിലേക്ക് അയച്ചശേഷം കല്യാണിയെ ഭവാനിപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പോലീസ് പറയുന്നത്.
പണവും ഒരു കുട്ടിയെ സംബന്ധിച്ച കാര്യവുമാണ് ഇരുവരും തമ്മിലുള്ള തർക്കത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് ഷാഫി കത്തി ഉപയോഗിച്ച് കല്യാണിയെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പോലീസ് ആരോപണം.
കൊലപാതകത്തിന് ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാനും എളുപ്പത്തിൽ നീക്കം ചെയ്യാനുമായി തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും വേർപെടുത്തിയെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് മൃതദേഹാവശിഷ്ടങ്ങൾ ഗൊല്ലപ്പുടി മേഖലയിലെ കൂളിങ് കനാലിൽ കൊണ്ടുപോയി ഉപേക്ഷിച്ചെന്നും അന്വേഷണ സംഘം പറയുന്നു.
“കുട്ടിയെയും പണത്തെയും ചൊല്ലിയായിരുന്നു പ്രശ്നം. കുട്ടിയെ കൈമാറിയ ശേഷം കല്യാണി നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. 5,000 രൂപയോ 10,000 രൂപയോ വീതം അവർ ആവശ്യപ്പെട്ടിരുന്നു”, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് എൻഎസ്വികെ ദുർഗ റാവു പറഞ്ഞു. ഷാഫി കല്യാണിക്കായി ചെറിയ സ്വർണാഭരണങ്ങളും വാങ്ങിയിരുന്നതായും പോലീസ് വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങൾ, സാങ്കേതിക പരിശോധന, മറ്റ് തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഷാഫിയെ തിരിച്ചറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും അന്വേഷണത്തിനിടെ കണ്ടെടുത്തു. ഷാഫിയുടെ സുഹൃത്തായ അബ്ദുള്ള ദുർഗ റാവുവിനെയും കേസിൽ സഹപ്രതിയായി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു. കല്യാണിയുടെ മകൻ നിലവിൽ ഷാഫിയുടെ ഭാര്യയുടെ സംരക്ഷണത്തിലാണ്. കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച് നിയമോപദേശം തേടുകയാണെന്നും ആവശ്യമെങ്കിൽ കുട്ടിയെ ഐസിഡിഎസ് വകുപ്പിന് കൈമാറുന്ന കാര്യം പരിഗണിക്കുമെന്നും പോലീസ് വ്യക്തമാക്കി.





