ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സിഐഎസ്എഫ് ക്യാമ്പിലുണ്ടായ വെടിവയ്പിൽ നാല് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. സഹപ്രവർത്തകനാണ് ഇവർക്കുനേരെ വെടിയുതിർത്തതെന്നാണ് ലഭിക്കുന്ന വിവരം.
ബസോഹ്ലി മേഖലയിലെ സേവ–2 ജലവൈദ്യുത പദ്ധതിയിൽ പ്രവർത്തിക്കുന്ന സിഐഎസ്എഫ് ക്യാമ്പിലാണ് സംഭവം നടന്നത്. ഡ്യൂട്ടി മാറുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്കിടയിൽ വാക്കുതർക്കമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പിന്നീട് തർക്കം വെടിവയ്പിലേക്ക് നീങ്ങുകയായിരുന്നു. വെടിവയ്പിൽ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേരും മരിക്കുകയായിരുന്നു.
ബസോഹ്ലിയിലെ മാഷ്ക ഗ്രാമത്തിലുള്ള സേവ പവർ പ്രോജക്ടിൽ വിന്യസിച്ചിരുന്ന യൂണിറ്റിലാണ് സംഭവം നടന്നത്. വൈകിട്ട് 6.40ഓടെയാണ് വെടിവയ്പുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. റാവി നദിയുടെ പോഷകനദിയായ സേവ നദിയിൽ സ്ഥിതി ചെയ്യുന്ന ജലവൈദ്യുത പദ്ധതിയാണ് സേവ പവർ പ്രോജക്ട്. കൊല്ലപ്പെട്ടവർ അസിസ്റ്റന്റ് കമാൻഡന്റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്പെക്ടർ ലക്ഷ്മൺ സിങ്, കോൺസ്റ്റബിൾ റഫീഖ് അഹമ്മദ്, കോൺസ്റ്റബിൾ സന്ദീപ് കുമാർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.
ഹെഡ് കോൺസ്റ്റബിൾ അവധേഷ് കുമാർ സിങ്ങാണ് വെടിവയ്പ് നടത്തിയതെന്നാണ് സംശയം. ഇയാൾ ഓഫീസിനുള്ളിൽ പ്രവേശിച്ച് തനിക്ക് അനുവദിച്ചിരുന്ന AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സിഐഎസ്എഫ് നൽകുന്ന വിവരമനുസരിച്ച് ഇയാളുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളും ഉണ്ടായിരുന്നു.
വെടിയേറ്റ നാല് പേരെയും ഹിമാചൽ പ്രദേശിലെ എൻഎച്ച്പിസി ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകളെ തുടർന്ന് പിന്നീട് മരിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പ്രദേശം സുരക്ഷിതമാക്കി. അവധേഷ് കുമാർ സിങ്ങിനെ അറസ്റ്റ് ചെയ്ത ശേഷം പോലീസിന് കൈമാറി.
സംഭവത്തിൽ അന്വേഷണം നടത്തുന്നതിനുള്ള ചുമതല പോലീസ് ഏറ്റെടുത്തു. വെടിവയ്പിലേക്ക് നയിച്ച തർക്കത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ സിഐഎസ്എഫ് ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വെടിവയ്പിലേക്ക് നയിച്ച സംഭവങ്ങളുടെ കൃത്യമായ ക്രമവും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി സിഐഎസ്എഫ് ആസ്ഥാനം കോർട്ട് ഓഫ് എൻക്വയറി പ്രഖ്യാപിച്ചു.
സംഭവത്തെ ഒരേ സേനയിലെ അംഗങ്ങൾ തമ്മിലുള്ള വെടിവയ്പായ ‘ഫ്രാട്രിസൈഡ്’ (fratricide) എന്ന നിലയിലാണ് അധികൃതർ പരിഗണിക്കുന്നത്. തർക്കത്തിന് കാരണമായത് എന്താണെന്നും വെടിവയ്പിലേക്ക് സാഹചര്യം എങ്ങനെ മാറിയെന്നും നിലവിൽ വ്യക്തമായിട്ടില്ല.
സിഐഎസ്എഫ്ഡയറക്ടർ ജനറൽ സംഭവവികാസങ്ങളും അന്വേഷണവും നേരിട്ട് നിരീക്ഷിച്ചുവരികയാണ്. ഹിമാചൽ പ്രദേശ് അതിർത്തിക്ക് സമീപമുള്ള കത്വയിലെ ബസോഹ്ലി തഹസിൽ മേഖലയിലാണ് സേവ–2 ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്. പ്രദേശം ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയുമായി അതിർത്തി പങ്കിടുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് പിന്നാലെ പുറത്തുവരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.




