ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ ജിത ഭാസ്‌കർ, ശ്രീലത എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികൾ തള്ളി സുപ്രീം കോടതി. ഒന്നാം പ്രതിയും ബാങ്കിന്റെ മുൻ മാനേജരുമായ ബിജുവിന്റെ ഭാര്യയാണ് ജിതാ ഭാസ്‌കർ. കേസിലെ മൂന്നാം പ്രതിയും സീനിയർ അക്കൗണ്ടന്റുമായ ജിൽസിന്റെ ഭാര്യയാണ് ശ്രീലത. ഇരുവരും ബാങ്ക് ജീവനക്കാർ അല്ലെന്നും അതിനാൽ കേസുമായി ബന്ധമില്ലെന്നുമായിരുന്നും അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ എ അമാനുള്ള, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയത്.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ നേരത്തെ ജിത ഭാസ്‌കർ, ശ്രീലത എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ആ സമയം മറ്റൊരു കേസ് ഉളള കാര്യം അറിയില്ലായിരുന്നുവെന്ന് ജസ്റ്റിസ് അമാനുള്ളയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇരുവരുടെയും ഭർത്താക്കന്മാർക്ക് എതിരെ 21 കേസുകൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുവരും ബാങ്ക് ജീവനക്കാർ അല്ലെങ്കിലും ഭർത്താക്കന്മാർ ഇവരെ തട്ടിപ്പിന്റെ ഭാഗമാക്കിയതാകാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ബാങ്കിൽ ഈട് വച്ച ഭൂമി വിറ്റ് തട്ടിപ്പ് നടത്തിയെന്നാണ് ഇരുവർക്കും എതിരെയുള്ള കേസ്. കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോൺസൽ അൽജോ കെ ജോസഫ് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ കോടതിയിൽ ശക്തമായി എതിർത്തു.




