കണ്ണൂർ: ആറളത്ത് നാളുകളായി ഭീതി വിതയ്ക്കുന്ന കണ്ണൂർ മഖ്ന വൺ (കെ.എം-1) എന്ന മോഴയാനയെ പിടികൂടാനുള്ള ‘ഓപ്പറേഷൻ മഖ്ന’ ദൗത്യം ഊർജിതമാക്കി വനംവകുപ്പ്. ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ നിരവധി ആളുകളുടെ ജീവനെടുക്കുകയും വീടുകൾക്കും കൃഷിയിടങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത മോഴയാനയെ പിടികൂടാൻ മൂന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു.
അതേസമയം ഈ കാട്ടാന നിലവിൽ ഉൾവനത്തിലാണ് ഉള്ളത്. വനംവകുപ്പ് ഡ്രോണുകളും റേഡിയോ കോളറും ഉപയോഗിച്ച് ആനയെ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന മുറയ്ക്ക് മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ നീക്കം. കുങ്കിയാനകളുടെ ഗന്ധം തിരിച്ചറിയാൻ കഴിവുള്ള കണ്ണൂർ മഖ്ന, അവയുടെ സാന്നിധ്യം മനസിലാക്കിയാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങാതെ കൂടുതൽ ഉൾവനത്തിലേക്ക് മാറാൻ സാധ്യതയും ദൗത്യസംഘം മുന്നിൽ കാണുന്നുണ്ട്.
ഒൻപത് വർഷങ്ങൾക്ക് മുൻപ് ‘ചുള്ളിക്കൊമ്പൻ’ എന്ന കാട്ടാനയെ പിടികൂടിയതിന് ശേഷം കണ്ണൂരിൽ നടക്കുന്ന ഏറ്റവും വലിയ ആന ദൗത്യമാണിത്. ആനയെ പിടികൂടാനായി ജൂലൈ അവസാനത്തോടെ ആരംഭിച്ച ദൗത്യത്തിന് ഇപ്പോഴാണ് മയക്കുവെടി വെക്കാനുള്ള ഉത്തരവ് ലഭിച്ചത്. മയക്കുവെടി വെച്ച ശേഷം ആനയെ പാർപ്പിക്കാനായി വയനാട്ടിൽ പ്രത്യേകം ക്രോൾ നിർമിച്ചിട്ടുണ്ട്. ജനവാസമേഖലയിൽ എത്തുന്നതോടെ മയക്കുവെടി വെച്ച് ആനയെ മുത്തങ്ങയിലേക്ക് മാറ്റാനാണ് തയാറെടുപ്പുകൾ നടത്തുന്നത്.
ഭരത്, വിക്രം, ഉണ്ണികൃഷ്ണൻ എന്നീ മൂന്ന് കുങ്കിയാനകളെയാണ് ഈ ദൗത്യത്തിനായി ആറളം വന്യജീവി സങ്കേതത്തിൽ എത്തിച്ചിരിക്കുന്നത്. ഇതിൽ നാലുപേരുടെ ജീവനെടുത്ത വിക്രമും രണ്ടുപേരുടെ ജീവനെടുത്ത ഭരതും ഒരുകാലത്ത് വയനാടിനെ വിറപ്പിച്ച കാട്ടാനകളായിരുന്നു. പിന്നീട് ഇവയെ പിടിച്ച് മുത്തങ്ങയിൽ എത്തിച്ചാണ് കുങ്കിയാനകളാക്കി മാറ്റിയത്.





