ചെന്നൈ: തമിഴ്നാട്ടിലെ ധാരാപുരം, മധുരാന്തകം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമർശം വിവാദത്തിൽ. ധാരാപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയെ പരാമർശിച്ച് നടത്തിയ ‘മൂഡ്’ പരാമർശത്തിനെതിരെയാണ് തമിഴക വെട്രി കഴകം (ടിവികെ) രംഗത്തെത്തിയത്.
മുഖ്യമന്ത്രിക്ക് കടൽക്കരയിൽ പുതിയ നിയമസഭാ മന്ദിരം വേണമെന്നും സഭയിലിരുന്നാൽ അദ്ദേഹത്തിന് ബീച്ച് കാണണമെന്നും ഉദയനിധി പറഞ്ഞു. “ബീച്ച് കണ്ടാലേ അദ്ദേഹത്തിന് മൂഡ് വരൂ. ശ്ശേ… ആ മൂഡല്ല, ഇത് ജോലി ചെയ്യാനുള്ള മൂഡ്” എന്നായിരുന്നു ഉദയനിധിയുടെ പരാമർശം. പ്രസംഗത്തിനിടെ പാർട്ടി പ്രവർത്തകരിൽനിന്ന് ചിരിയും കൈയടിയും ഉയർന്നു.
തുടർന്ന്, താൻ ഓരോന്ന് പറഞ്ഞിട്ട് പോകുമെന്നും വിജയിന് ദേഷ്യം വന്നാൽ തനിക്കെതിരെ കേസെടുക്കുമെന്നും ഉദയനിധി പറഞ്ഞു. ഇതിന് പിന്നാലെയാണ് പരാമർശം രാഷ്ട്രീയവിവാദമായത്. നേരത്തെയും വിജയിനെതിരായ പ്രസംഗത്തിലെ ഇരട്ട അർഥമുള്ള പരാമർശത്തിന്റെ പേരിൽ ഉദയനിധിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഉദയനിധിയുടെ പുതിയ പരാമർശത്തിനെതിരെ ടിവികെ നേതാക്കളും പ്രവർത്തകരും രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ഉദയനിധിയല്ല, ‘അശ്ലീലനിധി’യാണെന്നായിരുന്നു ടിവികെ നേതാക്കളുടെ വിമർശനം. മുഖ്യമന്ത്രിക്കെതിരായ വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നും രാഷ്ട്രീയ ചർച്ചകൾ വിഷയാധിഷ്ഠിതമാകണമെന്നും ടിവികെ നേതൃത്വം ആവശ്യപ്പെട്ടു.
ഇതിനിടെ ഉദയനിധിയുടെ പ്രസംഗത്തിനിടെ പ്രചാരണവാഹനത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന വനിതാ സ്ഥാനാർഥിയുടെ പ്രതികരണവും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായി. ഉദയനിധി പരാമർശം നടത്തുമ്പോൾ സ്ഥാനാർഥി തലതാഴ്ത്തി ചിരിക്കുന്ന ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടിവികെ പ്രവർത്തകർ വിമർശനം ഉയർത്തിയത്.
അതേസമയം, അണ്ണാ ഡി.എം.കെ.യുടെ പ്രചാരണയോഗങ്ങളിലും മുഖ്യമന്ത്രിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ലണ്ടൻ യാത്രയുമെല്ലാം പ്രചാരണവിഷയമാകുന്നുണ്ട്. മുഖ്യമന്ത്രി വിജയും നടി തൃഷയും ലണ്ടനിൽ ഒരുമിച്ച് യാത്ര നടത്തിയെന്ന ആരോപണം എടപ്പാടി കെ. പളനിസ്വാമി പ്രചാരണയോഗത്തിൽ ഉന്നയിച്ചിരുന്നു.
ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് ഡി.എം.കെ.–ടിവികെ വാക്‌പോരും ശക്തമായിരിക്കുകയാണ്. ധാരാപുരത്ത് ഡി.എം.കെ. സ്ഥാനാർഥി എസ്. സുഗന്യയ്ക്കായി പ്രചാരണം നടത്തിയ ഉദയനിധി, മുൻ എം.എൽ.എ.യും നിലവിലെ ടിവികെ സ്ഥാനാർഥിയുമായ പി. സത്യഭാമയ്‌ക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലാണ് ഒക്ടോബർ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ എ.ഐ.എ.ഡി.എം.കെ. ടിക്കറ്റിൽ വിജയിച്ച എം.എൽ.എമാർ പിന്നീട് ടിവികെയിൽ ചേർന്നതിനെ തുടർന്നാണ് ഇരു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പാലക്കാട് പ്രൊവിഡൻസ് ഹോമിൽ നിന്ന് പോക്സോ കേസ് അതിജീവിതകളെ കാണാതായി, തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്






