മലപ്പുറം: നിലമ്പൂർ വനമേഖലയിലെ മുത്തപ്പൻകുന്നിൽ വൻതോതിൽ വനവൃക്ഷങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തി. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഏകദേശം 7.5 ഹെക്ടർ വനഭൂമിയിൽ നിന്നാണ് തേക്ക്, ഈട്ടി, ഇരൂൾ തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തിയത്.
ഇരുപതോളം മരങ്ങൾ രണ്ടാഴ്ച മുൻപ് വെട്ടിമാറ്റിയശേഷം ട്രാക്ടറുകളിൽ കയറ്റി കടത്തിക്കൊണ്ടുപോയതായാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
1980കളിൽ സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്ന ഭൂമിയാണ് മുത്തപ്പൻകുന്നിലെ ഈ പ്രദേശമെന്നാണ് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. ഇവിടെ നിന്നാണ് മരങ്ങൾ അനധികൃതമായി മുറിച്ചുകടത്തിയത്.
മരങ്ങൾ വെട്ടിക്കടത്തിയ സംഘത്തെക്കുറിച്ചും ഉപയോഗിച്ച ട്രാക്ടറിനെക്കുറിച്ചും കൃത്യമായ വിവരങ്ങളും സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.






