ചെന്നൈ: തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി കൂടിയായ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയിന്റെ വ്യക്തി ജീവിതത്തെ പരാമർശിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി (EPS). ധാരാപുരത്തെ പ്രചാരണത്തിനിടെയാണ് വിജയിന്റെ കുടുംബ മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിൽ പളനിസ്വാമി പരാമർശം നടത്തിയത്.
ഉപതെരഞ്ഞെടുപ്പിനെ നീതിക്കായുള്ള പോരാട്ടം എന്നാണ് പളനിസ്വാമി വിശേഷിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ച് ടിവിയെയിൽ ചേർന്നതിനെ തുടർന്നാണ് മധുരാന്തകത്തും ധാരാപുരത്തും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവരെ തന്നെ ടിവികെ വീണ്ടും സ്ഥാനാർഥികളാക്കിയതിനെതിരെയും ഇപിഎസ് പ്രചാരണത്തിൽ ശക്തമായ വിമർശനം ഉന്നയിച്ചു.
വിജയ് പലപ്പോഴും ജനങ്ങളോട് സഹോദരൻ, അമ്മാവൻ, കുടുംബത്തിലെ ഒരാൾ എന്ന നിലയിൽ സംസാരിക്കുന്നുവെന്ന പശ്ചാത്തലത്തിലായിരുന്നു പളനിസ്വാമിയുടെ വ്യക്തിപരമായ പരാമർശം. “ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സ്നേഹത്തോടെ ജീവിക്കണം. അങ്ങനെ പറയാൻ നിങ്ങൾക്ക് യോഗ്യതയുണ്ടോ? വേദിയിലെ പഞ്ച് ഡയലോഗുകൾ മാത്രം പോരാ. അത് ജീവിതത്തിലും പ്രാവർത്തികമാക്കി കാണിക്കണം. ഞങ്ങൾ അങ്ങനെ ചെയ്യുന്നു,” എന്നായിരുന്നു പളനിസ്വാമിയുടെ പരാമർശം.
ഇതോടെ പളനിസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ ടിവികെയും രംഗത്തെത്തി. വിജയിനെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നതിന് പകരം നിരവധി എഐഎഡിഎംകെ നേതാക്കൾ എന്തുകൊണ്ടാണ് ടിവികെയിലേക്ക് മാറിയതെന്ന് EPS ആത്മപരിശോധന നടത്തണമെന്നാണ് പാർട്ടി വക്താവ് എം. സത്യകുമാർ പ്രതികരിച്ചത്.
“ദ്രാവിഡ പാർട്ടി കാര്യങ്ങൾ വ്യക്തിപരമായി എടുക്കുകയാണ്” എന്നായിരുന്നു സത്യകുമാറിന്റെ വിമർശനം. പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജയ് ഇതുവരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷമുള്ള എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തെയും സത്യകുമാർ ചോദ്യം ചെയ്തു. ജയലളിതയുടെ മരണശേഷം ഇപിഎസ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് എഐഎഡിഎംകെ പ്രവർത്തകർ ടിവികെയിലേക്ക് മാറുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
അതേസമയം മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 6നാണ് നടക്കുന്നത്. വോട്ടെണ്ണൽ ഒക്ടോബർ 9ന് നടക്കും. ഇരു മണ്ഡലങ്ങളും പട്ടികജാതി സംവരണ മണ്ഡലങ്ങളാണ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ ടിക്കറ്റിൽ വിജയിച്ച കെ. മാരഗതം കുമാരവേലും പി. സത്യബാമയും പിന്നീട് എംഎൽഎ സ്ഥാനങ്ങൾ രാജിവെച്ച് ടിവികെയിൽ ചേർന്നതോടെയാണ് രണ്ട് സീറ്റുകളും ഒഴിവായത്. ഇരുവരെയും തന്നെ പാർട്ടി ഇത്തവണ സ്ഥാനാർഥികളാക്കിയിട്ടുണ്ട്. മധുരാന്തകത്ത് മാരഗതം കുമാരവേലും ധാരാപുരത്ത് പി. സത്യബാമയുമാണ് ടിവികെ സ്ഥാനാർഥികൾ.
ഇരു എംഎൽഎമാരുടെയും കൂറുമാറ്റവും തുടർന്ന് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതും എഐഎഡിഎംകെയുടെ പ്രധാന പ്രചാരണ വിഷയമാണ്. ഇതിനെതിരെ കുതിരക്കച്ചവടം നടന്നെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ ടിവികെ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
എഐഎഡിഎംകെയ്ക്ക് ഈ രണ്ട് സീറ്റുകളും നിലനിർത്തുക എന്നതാണ് പ്രധാന ലക്ഷ്യം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സീറ്റുകളാണ് ഇവ രണ്ടും. അതേസമയം, നഗര മേഖലകളിൽ ശക്തമായ പിന്തുണ നേടിയെങ്കിലും ഗ്രാമീണ മേഖലകളിൽ താരതമ്യേന ദുർബലമായിരുന്ന ടിവികെയ്ക്ക് ഗ്രാമീണ വോട്ടർമാരിലേക്കും സ്വാധീനം വ്യാപിപ്പിക്കാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പുകളെ കാണുന്നത്. പ്രാദേശിക രാഷ്ട്രീയവും ജാതി സമവാക്യങ്ങളും ഇവിടെ പ്രധാന ഘടകങ്ങളാണ്.
ടിവികെയും എഐഎഡിഎംകെയും തമ്മിലുള്ള വാക്പോരിനിടെ ഡിഎംകെയും മത്സരരംഗത്തുണ്ട്. രണ്ട് സീറ്റുകളിലുമായി 49 സ്ഥാനാർഥികളാണ് നിലവിൽ മത്സരരംഗത്തുള്ളത്. മധുരാന്തകത്ത് 27 പേരും ധാരാപുരത്ത് 22 പേരുമാണ് മത്സരിക്കുന്നത്. TVK, DMK, AIADMK, CPI, CPM എന്നിവയ്ക്കൊപ്പം സ്വതന്ത്ര സ്ഥാനാർഥികളും മത്സരിക്കുന്നുണ്ട്. ധാരാപുരത്ത് കഴിഞ്ഞയാഴ്ച പ്രചാരണം നടത്തിയ വിജയ് ബുധനാഴ്ച വീണ്ടും മണ്ഡലത്തിലെത്തും. അതേസമയം പളനിസ്വാമിയും ധാരാപുരത്ത് എഐഎഡിഎംകെ സ്ഥാനാർഥിക്കായി പ്രചാരണം തുടരുകയാണ്.




