ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാർ വിഷയത്തിൽ കൃത്യമായ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിക്ക് ഇടപെടേണ്ടിവരുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.
‘ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്’ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് ആരംഭിക്കാൻ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്ന തരത്തിൽ നിയമപരമായ സംവിധാനങ്ങൾ കൊണ്ടുവരുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പ്രായപൂർത്തിയാകാത്തവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ഉണ്ടാക്കുന്ന കരാറുകളുടെ നിയമസാധുത സംബന്ധിച്ച വിഷയവും പരിശോധിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രായപരിശോധനയ്ക്കും കുട്ടികളുടെ സുരക്ഷയ്ക്കും കൃത്യമായ സംവിധാനങ്ങൾ വേണമെന്നാണ് ഹർജിക്കാരുടെ വാദം. നിലവിലുള്ള സംവിധാനങ്ങൾ കുട്ടികളെ ഓൺലൈൻ ചൂഷണം, ഗ്രൂമിങ്, സൈബർ കുറ്റകൃത്യങ്ങൾ, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം തുടങ്ങിയ അപകടങ്ങളിലേക്ക് തുറന്നുവിടുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളെ പൂർണമായി ഡിജിറ്റൽ ലോകത്തുനിന്ന് മാറ്റിനിർത്തുകയല്ല, മറിച്ച് അവരുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിച്ച് സുരക്ഷിതമായ രീതിയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഹർജിക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സോഷ്യൽ മീഡിയ ഇടനിലക്കാർ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം കണ്ടെത്തുകയും ബന്ധപ്പെട്ട നിയമപ്രകാരം അധികാരികളെ അറിയിക്കുകയും വേണമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 2024ലെ വിധിയിൽ ഐ.ടി. ആക്ടിലെ ‘സേഫ് ഹാർബർ’ സംരക്ഷണം ലഭിക്കുന്നതിന് നിയമപരമായ ഡ്യൂ ഡിലിജൻസ് പാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.





