കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് യൂട്യൂബർ അശ്വന്ത് കോക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് അശ്വന്തിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകിട്ടാണ് സംഭവം.
അശ്വന്ത് കോക്ക് ഓടിച്ച ഥാർ മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചതായാണ് വിവരം. അപകടത്തിന് പിന്നാലെ വാഹന ഉടമകളും പ്രദേശവാസികളും ചേർന്ന് അശ്വന്തിനെ തടഞ്ഞുവച്ചു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.
പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ അശ്വന്ത് പൊലീസുകാരോട് തട്ടിക്കയറിയതായും റിപ്പോർട്ടുണ്ട്. അപകടസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പ്രദേശവാസികൾ ആരോപിച്ചു.
തുടർന്ന് അശ്വന്തിനെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാൾ ഓടിച്ചിരുന്ന ഥാറും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കുന്നതിനായി വൈദ്യപരിശോധന നടത്താൻ അശ്വന്തിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനാ ഫലം ഉൾപ്പെടെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.






