തിരുവനന്തപുരം: കുറ്റിച്ചലിൽ 30 രൂപയ്ക്ക് പെട്രോൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരനെ മൂന്നംഗ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുവനന്തപുരം കുറ്റിച്ചലിലെ പെട്രോൾ പമ്പ് ജീവനക്കാരനായ അനിൽ കുമാറിനെയാണ് സംഘം വെട്ടിയത്. പരുക്കേറ്റ അനിലിനെ നെടുമങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞ് ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ അനിലിനോട് 30 രൂപയ്ക്ക് പെട്രോൾ അടിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെട്രോൾ അടിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 50 രൂപയാണെന്ന് അനിൽ പറഞ്ഞു. ഇതോടെ ചെറിയ വാക്കുതർക്കത്തിനുശേഷം പമ്പിൽനിന്ന് സംഘം മടങ്ങിപ്പോയി. തുടർന്ന് അനിൽ കുമാർ പമ്പിൽനിന്ന് ഇറങ്ങുന്ന സമയം നോക്കി ആക്രമിക്കുകയായിരുന്നു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.






