കൊച്ചി: ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്തൊരു മുഖ്യമന്ത്രിയാണ് താന്‍ എന്ന് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് വിഡി സതീശന് തെളിയിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രി കെവി തോമസ്. അവിശ്വസനീയമായ രീതിയില്‍ ആണ് സതീശന് നുണകള്‍ പറയുന്നത്. സത്യസന്ധത ഇല്ലാത്ത പ്രവൃത്തികളും വിവാദങ്ങളും സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി എന്നും കെവി തോമസ് പറഞ്ഞു. പിണറായി വിജയന് ധിക്കാരി ആണെന്ന് കുറ്റപ്പെടുത്തിയവരില്‍ പ്രധാനി സതീശന് ആയിരുന്നു.
ഇന്ന് സതീശന് എങ്ങിനെയാണ് പെരുമാറുന്നത്….? സര്‍ക്കാര്‍ 100 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ പിണറായി തന്നെയായിരുന്നു ഭേദം എന്ന അഭിപ്രായം ഉണ്ടായിട്ടുണ്ട്. കറുത്ത ചരിത്രമുള്ളവരാണ് സ്പോണ്‍സര്‍മാരായി വന്നത്. അവര്‍ക്ക് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട്. അങ്ങനെയുള്ളവരുടെ സഹായം തേടിയാണോ ഒരു സര്‍ക്കാര്‍ മുന്നോട്ട് പോകേണ്ടതെന്നും കെവി തോമസ് വിമര്‍ശിച്ചു. മന്ത്രിമാര്‍ വിദേശത്ത് പോയി. താന്‍ ആണ് പറഞ്ഞയച്ചത് എന്നാണ് സതീശന് പറഞ്ഞത്. ടിക്കറ്റും ചെലവും എല്ലാം സ്പോണ്സര് ചെയ്തത് കറുത്ത ചരിത്രമുള്ള ചില മുതലാളിമാരാണ്… അവര്‍ക്ക് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട്. അവരുടെ സഹായം തേടിയാണോ മന്ത്രിമാര്‍ യാത്ര പോകേണ്ടത്…? ഇതിനെ ന്യായീകരിക്കുകയും മന്ത്രിമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സതീശന് രാഷ്ട്രീയ പക്വത ഇല്ലാ എന്നു പറഞ്ഞതില്‍ എന്താണ് തെറ്റ്…?
പരിചയ സമ്പന്നരായ മന്ത്രിമാര്‍ ഈ സര്‍ക്കാരില്‍ കുറവാണ്. സതീശന് അപ്പോള്‍ പക്വത കാണിക്കേണ്ടേ…? ഇവര്‍ മന്ത്രിയൊന്നും ആകാത്ത കാലത്ത് ഈ സ്പോണ്സര്മാരൊന്നും വന്നില്ലല്ലോ…? അപ്പോള്‍ അധികാരം കണ്ടിട്ടാണ്. അതുപോലെ സര്‍ക്കാരിന് ചെലവില്ലെങ്കില്‍ ഞങ്ങള്‍ ആരില്‍ നിന്നും സഹായം തേടുമെന്ന് പറയുന്നു… ഇതൊക്കെ ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യമാണോ..? 100 ദിവസങ്ങള്‍ കൊണ്ട് ഇത്രയും വിവാദം ഒരു സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സത്യസന്ധത വേണം. അച്യുതാനന്ദന്, കരുണാകരന്, ആന്റണി, ഉമ്മന്‍ ചാണ്ടി, പിണറായി ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു ദുരൂഹത സതീശനുണ്ടെന്നും കെ വി തോമസ് പറഞ്ഞു.






