മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ ഗർഭിണിയായ യുവതിയെ ക്രൂരമായി മർദിച്ച് ബോധരഹിതയാക്കിയശേഷം മരിച്ചെന്ന് കരുതി കാറിൽ കയറ്റി കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ധൂലെ-സോലാപുർ ഹൈവേയിലെ ഗാരതാഡ് ബാരി മേഖലയ്ക്ക് സമീപമാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.ജാംഖേഡിലെ ആർട്ട് സെന്‍ററിൽ നടന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആർട്ട് സെന്‍ററിൽ വെച്ചുണ്ടായ വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികൾ പിങ്കിയെ അതിക്രൂരമായി മർദിക്കുകയും, മർദനമേറ്റ് യുവതി ബോധരഹിതയായി വീഴുകയുമായിരുന്നു.
സംഭവത്തിൽ 31കാരിയായ പിങ്കി ഹനുമന്ത് കട്കയാണ് കൊല്ലപ്പെട്ടത്. യുവതിയെ മർദിക്കുന്നതിനിടെ ബോധരഹിതയായതോടെ മരിച്ചെന്ന് പ്രതികൾ തെറ്റിദ്ധരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം ഒളിപ്പിക്കാനായി പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് 11 മണിക്കൂറിലധികം ദൈർഘ്യമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. സാങ്കേതിക വിശകലനത്തിന്റെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും സഹായത്തോടെ പ്രതികൾ സഞ്ചരിച്ച വാഹനം അഹല്യാനഗർ ജില്ലയിലെ ജാംഖേഡ് മേഖലയിലെ സപ്തസുർ കൾച്ചറൽ ആർട്ട് സെന്ററിലേതാണെന്ന് കണ്ടെത്തുകയായിരുന്നു.
കൾച്ചറൽ സെന്ററുമായി ബന്ധപ്പെട്ട ആഭ്യന്തര തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ബീഡ് ജില്ലയ്ക്ക് സമീപത്തുവച്ചാണ് പിങ്കിയെ പ്രതികൾ ക്രൂരമായി മർദിച്ചത്. തുടർന്ന് യുവതി മരിച്ചെന്ന് കരുതി മൃതദേഹം കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
ഏകദേശം 275 കിലോമീറ്റർ സഞ്ചരിച്ചശേഷം ധൂലെയിലെ വിജനമായ മലയോര മേഖലയിലെത്തിയ പ്രതികൾ യുവതിയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് തീക്കൊളുത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യത്തിൽ പങ്കാളികളായ രണ്ട് പേർ ഒളിവിലാണെന്നും ഇവർക്കായി വിവിധയിടങ്ങളിൽ തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.






