അബുദാബി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എ.ഇയിൽ രഹസ്യ സന്ദർശനം നടത്തിയതായും അബുദാബിയിൽ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ട്. ഇസ്രയേൽ മാധ്യമങ്ങളാണ് സന്ദർശന വിവരം റിപ്പോർട്ട് ചെയ്തത്. സ്വകാര്യ വിമാനത്തിൽ അബുദാബിയിലെത്തിയ നെതന്യാഹു ഏകദേശം നാല് മണിക്കൂറിന് ശേഷം ഇസ്രയേലിലേക്ക് മടങ്ങിയതായാണ് വിവരം. കൂടിക്കാഴ്ചയുടെ വിശദാംശങ്ങളെക്കുറിച്ച് നെതന്യാഹുവിന്റെ ഓഫീസോ യു.എ.ഇ അധികൃതരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ചാനൽ 12 റിപ്പോർട്ട് പ്രകാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നെതന്യാഹു സ്വകാര്യ വിമാനത്തിൽ അബുദാബിയിലെത്തിയത്. പ്രാദേശിക സമയം വൈകിട്ട് 3.10ഓടെ വിമാനം അബുദാബിയിൽ ഇറങ്ങിയെന്നും നാല് മണിക്കൂറിന് ശേഷം വൈകിട്ട് 7.10ഓടെ തിരിച്ചുപറന്നെന്നും റിപ്പോർട്ടുണ്ട്. യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടന്നതായി രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ചാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിന് മുമ്പും നെതന്യാഹുവും മുഹമ്മദ് ബിൻ സായിദും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മാർച്ച് 26ന് ഒമാൻ അതിർത്തിക്ക് സമീപമുള്ള അൽ ഐനിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ആ സന്ദർശനത്തെക്കുറിച്ച് യു.എ.ഇ ഔദ്യോഗികമായി നിഷേധാത്മക നിലപാട് സ്വീകരിച്ചിരുന്നു.
ഇതിനിടെ, 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് മുമ്പ് യു.എ.ഇ പ്രസിഡന്റ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ടുകളും ഇസ്രയേലിൽ ചർച്ചയാകുന്നതിനിടെയാണ് പുതിയ കൂടിക്കാഴ്ച. ഹമാസ് വലിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി മുഹമ്മദ് ബിൻ സായിദ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ വിവരം ഇസ്രയേൽ സുരക്ഷാ ഏജൻസികൾക്കോ സൈന്യത്തിനോ കൈമാറിയില്ലെന്നുമാണ് ഹാറെറ്റ്സ് റിപ്പോർട്ട് ചെയ്തത്. നെതന്യാഹു ഈ ആരോപണം നിഷേധിക്കുകയും ഹാറെറ്റ്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
2020ലെ അബ്രഹാം ഉടമ്പടിയിലൂടെയാണ് ഇസ്രയേലും യു.എ.ഇയും ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചത്. തുടർന്ന് ഇരുരാജ്യങ്ങളും സുരക്ഷ, നയതന്ത്രം തുടങ്ങിയ മേഖലകളിൽ ആശയവിനിമയം തുടരുകയാണ്. പുതിയ കൂടിക്കാഴ്ചയുടെ പ്രധാന വിഷയങ്ങൾ ഇരു ഭാഗങ്ങളും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.






