മുംബൈ: മുംബൈ നഗരപ്രാന്തത്തിലെ പൊതുശൗചാലയത്തിനുള്ളിൽ വിഷാംശമുള്ള രാസവസ്തു ശ്വസിച്ചതിനെ തുടർന്ന് രണ്ട് യുവാക്കൾ ശ്വാസംമുട്ടി മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മരിച്ചവർ പ്രഭാകർ ധനിവർ (24), ഭവിൻ ദേശായി (18) എന്നിവരാണെന്ന് അധികൃതർ അറിയിച്ചു.
പാർസി പഞ്ചായത്ത് ഗേറ്റിന് സമീപം, മൃണാൾതായ് പാലത്തിനടുത്തുള്ള രാം മന്ദിർ ഈസ്റ്റ് മേഖലയിലെ പൊതുശൗചാലയത്തിലാണ് സംഭവം നടന്നത്. പുലർച്ചെ തന്നെ ശക്തമായ രാസവസ്തുവിന്റെ ഗന്ധം ശൗചാലയത്തിനുള്ളിൽ നിന്ന് പുറത്തേക്കു അനുഭവപ്പെട്ടതായാണ് പ്രദേശവാസികൾ പറയുന്നു. ഇതിന് പിന്നാലെയാണ് ഇരുവർക്കും ശ്വാസംമുട്ടലുണ്ടാവുകയായിരുന്നു.
സംഭവത്തെ തുടർന്ന് അഗ്നിശമനസേന, പോലീസ്, 108 ആംബുലൻസ് സേവനം, മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട നഗരസഭാ വാർഡ് ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി. ഗുരുതരാവസ്ഥയിലായിരുന്ന പ്രഭാകർ ധനിവറിനെയും ഭവിൻ ദേശായിയെയും സമീപത്തെ നഗരസഭാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 3.45ഓടെ ഡോക്ടർമാർ ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു.
അതേസമയം പൊതുശൗചാലയത്തിനുള്ളിൽ ഉണ്ടായതായി സംശയിക്കുന്ന രാസവസ്തു ചോർച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഏത് രാസവസ്തുവാണ് ചോർന്നതെന്നും അത് എവിടെ നിന്നാണ് എത്തിയതെന്നും വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
മുംബൈയിൽ വിഷവാതകമോ രാസവസ്തുക്കളോ ശ്വസിച്ച് ശ്വാസംമുട്ടി മരിക്കുന്ന സംഭവങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ ദക്ഷിണ മുംബൈയിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചിരുന്നു.




