കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെമേൽ മകളും ചെറുമകളും ചേർന്ന് തിളച്ച വെള്ളം ഒഴിച്ചതായി പരാതി. കൊല്ലം ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് (61) മകളുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. രാധാമണിയെ മകൾ അശ്വതിയും (37) ചെറുമകൾ അമൃതയും (18) ചേർന്നാണ് ഉപദ്രവിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
തന്റെ പേരിലുള്ള വീടും സ്ഥലവും എഴുതി നൽകാൻ ആവശ്യപ്പെട്ടാണ് മകൾ ഉപദ്രവിച്ചതെന്ന് രാധാമണി പറയുന്നു. ചൂട് വെള്ളം ഒഴിച്ചതിനു പുറമേ കൈ കൊണ്ടും കമ്പികൊണ്ടും രാധാമണിയെ അശ്വതി ഉപദ്രവിച്ചതായും പറയുന്നു. സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്തു. അതേസമയം മുൻപ് ഹണിട്രാപ് ഉൾപ്പടെയുള്ള ഒട്ടേറെ കേസുകളിൽ പ്രതിയാണ് ആയൂർ ഒഴുകുപാറയ്ക്കൽ സ്വദേശിയായ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി.
അശ്വതി വീട്ടില്‍ നിന്നും ഇറക്കിവിട്ട സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു രാധാമണി. ഇതിനിടെയാണ് അശ്വതിയും മകളും ചേര്‍ന്ന് തിളപ്പിച്ച വെള്ളം രാധാമണിയുടെ തലയിലേക്ക് ഒഴിച്ചത്. കണ്ണിന്റെ ഭാഗത്തും കവിളിലും കഴുത്തിലും ശരീരത്തിലും രാധാമണിക്ക് ഗുരുതരമായി പൊള്ളലേറ്റു. മാതാപിതാക്കളുടെ പേരിലുള്ള വസ്തുവിലെ ഓഹരി കൂടി അശ്വതിക്ക് എഴുതി നല്‍കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി.
കുടുംബ ഓഹരിയായി ലഭിച്ച വീടും വസ്തുവും അശ്വതിയുടെയും രാധാമണിയുടെയും അശോകന്റെയും പേരിലാണുള്ളത്. ഈ ഓഹരി ആവശ്യപ്പെട്ട് നേരത്തെയും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. പലതവണ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും പോലീസ് ഇടപെട്ടാണ് വീണ്ടും വീട്ടില്‍ താമസിപ്പിച്ചതെന്നും രാധാമണി പറയുന്നു.
എട്ട് മാസം മുന്‍പും പിതാവ് അശോകന്റെ മുഖത്ത് സമാനമായി തിളപ്പിച്ച വെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ആ സംഭവത്തിലും അശ്വതിക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തിരുന്നു. ഇപ്പോഴത്തെ സംഭവത്തിലും രാധാമണിയുടെ മൊഴി രേഖപ്പെടുത്തി അശ്വതിക്കും മകള്‍ അമൃതയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇതിനിടെ മാതാവ് തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് അശ്വതിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടാനുള്ള നീക്കത്തിലാണ് ചടയമംഗലം പോലീസ്.




