ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ 32കാരിയായ യുവതിയെ ലിവ്-ഇൻ പങ്കാളി കൊലപ്പെടുത്തിയ ശേഷം വാടകവീടിന്റെ തോട്ടത്തിൽ മൃതദേഹം കുഴിച്ചിട്ടതായി പോലീസ്. സംഭവത്തിന് പിന്നാലെ ഇയാൾ വീട്ടുപൂട്ടി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. വാടകവീട് പരിശോധിക്കാനെത്തിയ വീട്ടുടമ തോട്ടത്തിലെ പുതുതായി ഇളക്കിയ മണ്ണിനടിയിൽനിന്ന് ഒരു സ്ത്രീയുടെ കൈ പുറത്തേക്ക് കാണപ്പെട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
ജയ്പൂരിലെ ബിന്ദായക മേഖലയിലെ പ്രസ്റ്റീജ് കോളനിയിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ വാടകവീട് പരിശോധിക്കാൻ എത്തിയ വീട്ടുടമയാണ് ആദ്യം മൃതദേഹത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. വീട് പൂട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അയൽവാസികളോട് വിവരങ്ങൾ അന്വേഷിച്ച വീട്ടുടമ പിന്നീട് വീടിന്റെ പരിസരം പരിശോധിക്കുകയായിരുന്നു.
ഇതിനിടെ തോട്ടത്തിലെ മണ്ണ് അടുത്തിടെ കുഴിച്ചുമാറ്റിയതുപോലെ തോന്നിയതിനെ തുടർന്ന് സംശയം തോന്നി സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് മണ്ണിനടിയിൽനിന്ന് ഒരു സ്ത്രീയുടെ കൈ പുറത്തേക്ക് നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് ബിന്ദായക പോലീസ് സ്ഥലത്തെത്തി. ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ മണ്ണ് നീക്കി മൃതദേഹം പുറത്തെടുത്തു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൻവാതിയ ആശുപത്രിയിലേക്ക് മാറ്റി.
ബിന്ദായക പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ കുമാർ പറയുന്നതനുസരിച്ച്, ഏകദേശം രണ്ട് മാസം മുമ്പാണ് 22കാരനായ പ്രവേശ് എന്ന യുവാവ് ഈ വീട് വാടകയ്ക്കെടുത്തത്. കൂടെയുണ്ടായിരുന്ന 32കാരിയായ കിരണിനെ തന്റെ ഭാര്യയാണെന്നാണ് ഇയാൾ വീട്ടുടമയോട് പരിചയപ്പെടുത്തിയിരുന്നത്. ഇരുവരും ഉത്തർപ്രദേശ് സ്വദേശികളാണ്.
പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, രണ്ടോ മൂന്നോ ദിവസം മുമ്പാണ് പ്രവേശ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. രാത്രിയിൽ വാടകവീടിന്റെ തോട്ടത്തിൽ കുഴിയെടുത്ത് മൃതദേഹം അതിനുള്ളിൽ കുഴിച്ചിട്ട ശേഷം വീട് പൂട്ടി ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പോലീസ് പറയുന്നു. പ്രവേശ് ബിന്ദായകയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്നതായി പോലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. യുവതിയെ കൊലപ്പെടുത്താൻ ഇടയാക്കിയ സാഹചര്യം, ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം, സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
ഇതിനിടെ പ്രവേശിനെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. ഇയാൾ ഉത്തർപ്രദേശിലേക്ക് കടന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, കൊല്ലപ്പെട്ട കിരണിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്. മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂവെന്നും സംഭവവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.




