കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജ്യ ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം ഒറ്റക്കെട്ടായ പോരാട്ടം നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഗ്യാനേഷ് കുമാർ ഏറ്റവും വലിയ യൂദാസാണെന്നും നമ്പർ വൺ ക്രിമിനലാണെന്നും കെസി വേണുഗോപാൽ രൂക്ഷമായി വിമർശിച്ചു. രാജ്യം വിറ്റുതുലയ്ക്കാനുള്ള മൊത്ത കരാർ ഏറ്റെടുത്തിരിക്കുന്ന ആളായി മാറിയിരിക്കുകയാണ് അയാളെന്ന് അദേഹം കുറ്റപ്പെടുത്തി. മോദി ഇല്ലിജിറ്റിമേറ്റ് ഗവൺമെന്റാണ്, 2024ൽ വോട്ടുചോർച്ച നടത്തി പ്രധാനമന്ത്രിയായ ആളാണെന്നും കെസി ആരോപിച്ചു.
ഇന്ത്യയിൽ ഏറ്റവും വലിയ ഭൂകമ്പമാണ് നടന്നിരിക്കുന്നത്. ഇതല്ലേ 24 മണിക്കൂറും ചർച്ച ചെയ്യേണ്ട വിഷയം. രാജ്യത്ത് ജനാധിപത്യം ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ട് കാര്യം. ജനം ഇളകണ്ട വിഷയമാണ്. ഇളകിയേ പറ്റൂ. ഈ സർക്കാർ നിയമവിരുദ്ധമായ സർക്കാരാണ്. മോദി ഇല്ലിജിറ്റിമേറ്റ് ഗവൺമെന്റാണ്, 2024ൽ വോട്ടുചോർച്ച നടത്തി പ്രധാനമന്ത്രിയായ ആളാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ വോട്ട് ചോർച്ചയ്ക്കും ജനാധിപത്യ കൊള്ളയ്ക്കും കൂട്ടുനിന്നയാളാണ്. അദ്ദേഹം കേരളത്തിൽ വരുന്നുണ്ട്. കേരളത്തിൽ വരുമ്പോൾ, പ്രത്യേകിച്ച് ജനാധിപത്യത്തെ മാറോടണക്കുന്ന സംസ്ഥാനത്ത് വരുമ്പോൾ പറയാൻ തയാറാകണം, എന്തിനു വേണ്ടിയാണ് ജനാധിപത്യത്തെ ഇങ്ങനെ കൊല്ലുന്നത്. ഇത് നീതിക്കുവേണ്ടി അവർ സറണ്ടർ ചെയ്യേണ്ടി വരുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല- കെ സി തുറന്നടിച്ചു.





