തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതെന്തെന്ന് വിജിലൻസിനോട് ഹൈക്കോടതി. ഗുരുതര കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന പ്രാഥമിക സൂചനകൾ ഉണ്ടായിട്ടും നടപടി വൈകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ കൈമാറണമെന്നും തുടർന്ന് വിശദമായ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.
കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം. വിഷയത്തിൽ നിലവിൽ പ്രാഥമിക അന്വേഷണം നടക്കുകയാണെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, പ്രാഥമിക അന്വേഷണത്തിന്റെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകുന്നതിനെക്കുറിച്ചാണ് കോടതി വിശദീകരണം തേടിയത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ കത്തിന്റെ പൂർണവിവരങ്ങളും കോടതി ആരാഞ്ഞു. ഇ.ഡി.യുടെ റിപ്പോർട്ടും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറാമെന്ന് അധികൃതർ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സംബന്ധിച്ച വിശദമായ വാദം കേൾക്കാനാണ് കോടതിയുടെ തീരുമാനം.
സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഇ.ഡി. സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇ.ഡി.യുടെ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയതെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നേരത്തെ പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിക്കുകയും ഒമ്പതംഗ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താമെന്ന സുപ്രീംകോടതി വിധിയിലെ വ്യവസ്ഥകൾ പരിഗണിച്ചാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.
സി.എം.ആർ.എൽ. എക്സാലോജിക്കിന് നൽകിയതായി ഇ.ഡി. ആരോപിക്കുന്ന പണമിടപാടുകളും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുമാണ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദു. ഇ.ഡി. ഉന്നയിച്ച ആരോപണങ്ങൾ ഇതുവരെ അന്വേഷണത്തിലൂടെയോ കോടതിവിധിയിലൂടെയോ തെളിയിക്കപ്പെട്ടിട്ടില്ല. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് പിണറായി വിജയൻ നേരത്തെ പ്രതികരിച്ചിരുന്നു.





