ബെംഗളൂരു: കർണാടകയിലെ ഒരു ഡസനിലേറെ എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പരാമർശം വിവാദത്തിൽ. നിയമസഭയിൽ വരൾച്ചാ ചർച്ചയ്ക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സംഭവം വിവാദമായതോടെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷം ഡി.കെ. ശിവകുമാറിനെതിരെ രംഗത്തെത്തി.
ബെംഗളൂരുവിലെ അതിവേഗ നഗരവൽക്കരണവും ജനസംഖ്യാ വർധനവും സംബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി എംഎൽഎമാരെക്കുറിച്ചുള്ള പരാമർശം നടത്തിയത്. ബെംഗളൂരുവിലേക്ക് എത്തുന്നവരിൽ പലരും നഗരത്തിൽ തന്നെ തുടരുകയാണെന്നും ഇതാണ് ജനസംഖ്യ വർധിക്കുന്നതിനുള്ള കാരണങ്ങളിലൊന്നെന്നും അദ്ദേഹം പറഞ്ഞു.
‘കെംപെഗൗഡ ബെംഗളൂരുവിനെ കെട്ടിപ്പടുത്തു. കെംഗൽ ഹനുമന്തയ്യ വിധാൻ സൗധ നിർമിച്ചു. എസ്.എം. കൃഷ്ണ ബെംഗളൂരുവിനെ അന്താരാഷ്ട്ര നഗരമാക്കി. അതിനാൽ നഗരത്തിലേക്ക് വരുന്നവരാരും ഇവിടെനിന്ന് മടങ്ങിപ്പോകുന്നില്ല. നിങ്ങളടക്കം ഇവിടെ വരുന്ന എംഎൽഎമാരും മടങ്ങിപ്പോകുന്നില്ല. നിങ്ങളിൽ ബെംഗളൂരുവിലേക്ക് വരുന്നവരെല്ലാം രണ്ട് വിവാഹം കഴിക്കുന്നു. അത്തരത്തിൽ ഒരു ഡസനിലേറെ പേരുണ്ട്. അവരുടെ പട്ടിക എനിക്ക് നൽകാനാകും. ദക്ഷിണ കന്നഡ, ധാർവാഡ് ജില്ലകളിൽനിന്നുള്ള എംഎൽഎമാരുടെ പേരുകൾ പറയാം. പക്ഷേ, ഞാൻ അതിലേക്ക് കടക്കുന്നില്ല’ എന്നായിരുന്നു ഡി.കെ. ശിവകുമാറിന്റെ പരാമർശം.
ബെംഗളൂരുവിലേക്ക് എത്തുന്ന അഭിഭാഷകരും സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകുന്നില്ലെന്നും ഇതെല്ലാം നഗരത്തിലെ ജനസംഖ്യാ വർധനയ്ക്ക് കാരണമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ ജനസംഖ്യ 47 ശതമാനം വർധിച്ചെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് ആർ. അശോക ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തി. മുഖ്യമന്ത്രി അനാവശ്യമായ പരാമർശമാണ് നടത്തിയതെന്നും രണ്ട് വിവാഹം കഴിച്ചുവെന്ന് പറഞ്ഞ എംഎൽഎമാരുടെ പേരുകൾ പുറത്തുവിടണമെന്നും ആർ. അശോക ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബെംഗളൂരുവിലെത്തിയ എല്ലാ എംഎൽഎമാരെയും സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രിയുടേതെന്നും അശോക ആരോപിച്ചു. അതിനാൽ മുഖ്യമന്ത്രി പരാമർശിച്ച എംഎൽഎമാരുടെ പട്ടിക പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




