ന്യൂഡൽഹി: പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ അകൽച്ചയ്ക്ക് വിരാമമിട്ട് തൃണമൂൽ കോൺഗ്രസും സി.പി.എമ്മും തമ്മിൽ ആശയവിനിമയം. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും വെള്ളിയാഴ്ച ഫോണിൽ ദീർഘനേരം സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജനാധിപത്യ സംരക്ഷണത്തിനായി പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്ന വിഷയമാണ് ഇരുവരും ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ട്.
സി.പി.എം ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ഒരാൾ മമതാ ബാനർജിയുമായി രാഷ്ട്രീയ വിഷയത്തിൽ നേരിട്ട് സംസാരിക്കുന്നത് ഇതാദ്യമായാണ്. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയങ്ങളിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികളും ബിജെപി ഇതര പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്നാവശ്യപ്പെട്ട് എം.എ. ബേബി വിവിധ പാർട്ടി നേതാക്കൾക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമത ബേബിക്ക് മറുപടി നൽകുകയും പിന്നീട് ഫോണിൽ സംസാരിക്കുകയും ചെയ്തത്.
ഇരുപാർട്ടികളുടെയും രാജ്യസഭാ നേതാക്കളായ ഡെറിക് ഒബ്രിയനും ജോൺ ബ്രിട്ടാസും തമ്മിലുള്ള ആശയവിനിമയത്തിനും പിന്നാലെയാണ് മമതയും ബേബിയും സംസാരിച്ചത്. സംഭാഷണം സൗഹൃദപരമായിരുന്നുവെന്നാണ് തൃണമൂൽ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. എന്നാൽ ഇത് ഭാവിയിലെ രാഷ്ട്രീയ സഖ്യത്തിലേക്കുള്ള നീക്കമാണെന്ന് ഇരുപാർട്ടികളും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ബംഗാളിൽ പതിറ്റാണ്ടുകളായി കടുത്ത രാഷ്ട്രീയ എതിരാളികളാണ് തൃണമൂൽ കോൺഗ്രസും സി.പി.എമ്മും. സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരിനെതിരെ മമതാ ബാനർജി ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. 2011ൽ ഇടതുമുന്നണിയുടെ 34 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. തുടർന്ന് 15 വർഷത്തോളം ഇരുപാർട്ടികളും കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലിലായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഇപ്പോഴത്തെ ആശയവിനിമയത്തിന് പ്രധാന കാരണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെയും വോട്ടർപട്ടിക പരിഷ്കരണമായ പ്രത്യേക തീവ്ര പുനഃപരിശോധനയെയും സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉയർത്തുന്നുണ്ട്. ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചുചേർക്കണമെന്ന് മമതാ ബാനർജി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
എന്നാൽ സി.പി.എമ്മും തൃണമൂൽ കോൺഗ്രസും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക സഖ്യമോ തിരഞ്ഞെടുപ്പ് ധാരണയോ നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴത്തെ ആശയവിനിമയം പ്രധാനമായും തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിപക്ഷ ഐക്യം സംബന്ധിച്ചുള്ളതാണെന്നാണ് ലഭിക്കുന്ന വിവരം.





