ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൺപൂരിൽ ഫാർമസ്യൂട്ടിക്കൽ ഡീലറുടെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ. മറ്റൊരു സ്ത്രീക്ക് സ്വത്ത് കൈമാറുമെന്ന ഭയത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് കൊല്ലപ്പെട്ട 60കാരനായ വിനീത് മനോച്ചയുടെ മകൻ സുബ്രതിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ അഞ്ചിനാണ് കാൺപൂരിലെ ഇന്ദിരാ നഗർ മേഖലയിലെ ഫ്ലാറ്റിൽ വിനീത് മനോച്ചയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടക്കുമ്പോൾ വിനീത് വീട്ടിൽ തനിച്ചായിരുന്നു. മകൻ സുബ്രതും ഭാര്യ ശാലുവും അന്ന് ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.
ആദ്യഘട്ട അന്വേഷണത്തിൽ വിനീതിന്റെ മരുമകൾ ശാലുവാണ് കൊലപാതകത്തിന്റെ ആസൂത്രകയെന്നായിരുന്നു പോലീസിന്റെ നിഗമനം. തുടർന്ന് ശാലുവിനെയും കുടുംബത്തിലെ മുൻ ജീവനക്കാരനായ വിശാൽ ഗൗതമിനെയും ഇയാളുടെ കൂട്ടാളി രാജ്കിഷോറിനെയും അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ അന്വേഷണത്തിനിടെ കൊലപാതകത്തിൽ സുബ്രതിനും പങ്കുണ്ടെന്ന സൂചനകൾ പോലീസിന് ലഭിച്ചു. കൊലപാതകം നടന്ന രാത്രിയിൽ പുതിയ സിം കാർഡിൽനിന്ന് കൊലയാളി സുബ്രതിന് ആറ് തവണ ഫോൺ ചെയ്തതായി കണ്ടെത്തി. ഇതോടെയാണ് അന്വേഷണം മകനിലേക്കും നീണ്ടത്.
ചോദ്യം ചെയ്യലിൽ പിതാവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും മറ്റൊരു സ്ത്രീക്കൊപ്പം താമസം തുടങ്ങുകയും സ്വത്തുക്കൾ മുഴുവൻ അവരുടെ പേരിലേക്ക് മാറ്റുകയും ചെയ്യുമെന്ന ഭയം തനിക്കുണ്ടായിരുന്നുവെന്നും സുബ്രത് പറഞ്ഞതായി പോലീസ് അറിയിച്ചു. ആദ്യം മരണം സ്വാഭാവികമോ അപകടമോ ആയി തോന്നിക്കുന്ന തരത്തിൽ കൊലപാതകം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും പിന്നീട് പദ്ധതി മാറ്റുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
വിനീത് മകന് പ്രതിമാസം ഏകദേശം 40,000 രൂപ ചെലവിനായി നൽകിയിരുന്നു. അതേസമയം, സുബ്രതിന് പ്രതിമാസം ഏകദേശം 55,000 രൂപയുടെ വായ്പാ തിരിച്ചടവ് ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം സുബ്രതും വിശാലും തമ്മിൽ കൊലപാതകത്തിന് മുമ്പ് നടത്തിയ ഡിലീറ്റ് ചെയ്ത ചാറ്റുകളും പോലീസ് വീണ്ടെടുത്തു. കൊലപാതകത്തിന് മുമ്പ് പല ഘട്ടങ്ങളിലും ഇരുവരുടെയും ലൊക്കേഷനുകൾ തമ്മിൽ പൊരുത്തപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. സംശയം ശാലുവിലേക്ക് തിരിക്കാനും സുബ്രതും വിശാലും ശ്രമിച്ചെന്നാണ് പോലീസിന്റെ ആരോപണം.
കാൺപൂർ പോലീസ് കമ്മീഷണർ രഘുബീർ ലാൽ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞത് കോൾ ഡീറ്റെയിൽ റെക്കോർഡുകൾ, സിസിടിവി ദൃശ്യങ്ങൾ, ഡിജിറ്റൽ-ശാസ്ത്രീയ തെളിവുകൾ, വീണ്ടെടുത്ത വസ്തുക്കൾ, മറ്റ് സാഹചര്യത്തെളിവുകൾ എന്നിവ പരിശോധിച്ചതിലൂടെയാണ് ഗൂഢാലോചന പുറത്തുവന്നതെന്നാണ്. പിതാവിനെ കൊലപ്പെടുത്താൻ സുബ്രത് തന്നോട് ആവശ്യപ്പെട്ടെന്നും ഇതിനായി ആറ് ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നും വിശാൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായും പോലീസ് വ്യക്തമാക്കി.
അതുപോലെ താൻ പിടിക്കപ്പെട്ടാൽ ശാലുവിന്റെ പേര് പറയണമെന്ന് സുബ്രത് നിർദേശിച്ചിരുന്നതായും വിശാൽ മൊഴി നൽകിയതായി പോലീസ് കമ്മീഷണർ പറഞ്ഞു. കൊലപാതകത്തിന് ഏതാനും ദിവസം മുമ്പാണ് കുടുംബത്തിലെ മുൻ ജീവനക്കാരനായ വിശാൽ പുതിയ സിം കാർഡ് സ്വന്തമാക്കിയത്. ആ നമ്പറിൽനിന്നുള്ള ആദ്യ ഫോൺകോൾ സുബ്രതിനാണ് നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം അന്വേഷണത്തിന്റെ തുടക്കം മുതൽ സുബ്രതും പോലീസിന്റെ സംശയത്തിലുണ്ടായിരുന്നു. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുബ്രത് അറസ്റ്റിലായെങ്കിലും ശാലുവിന് കേസിൽ ഇതുവരെ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് പോലീസ് കമ്മീഷണർ രഘുബീർ ലാൽ വ്യക്തമാക്കി.




