പട്ന: ബിഹാറിലെ നവാഡയിലുള്ള സർക്കാർ സ്‌കൂളിലെ ശൗചാലയത്തിൽ വിദ്യാർഥിനികളോട് അതിക്രമം കാണിച്ച സംഭവത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ അറസ്റ്റിൽ. സ്കൂളിലെ ശുചിമുറിയിൽ കയറി വിദ്യാർഥിനികളെ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചെന്നാണ് കുട്ടികളുടെ ആരോപണം.
കോൺഗ്രസ് നേതാവ് പവൻ ഖേര ചൊവ്വാഴ്ച പങ്കുവച്ച വീഡിയോയിലാണ് വിദ്യാർഥിനികൾ കരഞ്ഞുകൊണ്ട് പ്രധാനാധ്യാപകനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പ്രധാനാധ്യാപകൻ ശുചിമുറിയിൽ കയറി ചില വിദ്യാർഥിനികളെ എടുത്ത് മടിയിൽ ഇരുത്തിയെന്നും കുട്ടികൾ ആരോപിച്ചു.
പരീക്ഷയ്ക്കിടെ ഉത്തരക്കടലാസും ചോദ്യപേപ്പറും വാങ്ങാൻ പ്രധാനാധ്യാപകന്റെ ഓഫീസിലെത്തിയപ്പോൾ ഒരു വിദ്യാർഥിനിയെ അദ്ദേഹം ദേഹത്തു പിടിച്ചതായും അനുചിതമായി സ്പർശിച്ചതായും പെൺകുട്ടികൾ വെളിപ്പെടുത്തി. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനാധ്യാപകനെ ഓഫീസിനുള്ളിൽ പൂട്ടിയിട്ടതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് 52കാരനായ പ്രധാനാധ്യാപകനെപോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 18നാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ സെപ്റ്റംബർ 19ന് ജമുയിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ഒരു സംഘം ആളുകൾ ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി ആരോപണമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ പ്രധാന പ്രതിയെ ഏറ്റുമുട്ടലിന് പിന്നാലെ അറസ്റ്റ് ചെയ്തിരുന്നു.




