തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിഷയത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കും പ്രാദേശിക കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ സജിത്ത് മുട്ടപ്പലത്തലിനും കെപിസിസി നേതൃത്വത്തിന്റെ താക്കീത്. കെപിസിസി ആസ്ഥാനത്തേക്കു വിളിച്ചു വരുത്തിയാണ് പാർട്ടി അധ്യക്ഷൻ സണ്ണി ജോസഫ് ഇരുവരെയും താക്കീത് ചെയ്തത്.
സംഭവത്തിൽ മുതിർന്ന നേതാവ് എം.എം ഹസന്റെ നേതൃത്വത്തിലുള്ള സമിതി വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് നടപടി. കൂടാതെ പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫ് ആക്കേണ്ടതില്ലെന്ന് നേതൃത്വം രമ്യയെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ഇക്കാര്യത്തിൽ പൊതുപ്രതികരണം പാടില്ലെന്നും ഇരുവിഭാഗവും നൽകിയ കേസുകൾ പിൻവലിക്കണമെന്നും നേതൃത്വം നിർദേശം നൽകി.
രമ്യയുടെ സഹായിയും കെപിസിസി അംഗവുമായ പാളയം പ്രദീപ്, കയ്യാങ്കളി നടന്ന വീടിന്റെ ഉടമയും ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ എസ്.സജാദ് എന്നിവരെ കോൺഗ്രസിൽനിന്നു സസ്‌പെൻഡ് ചെയ്തിരുന്നു. നടപടിക്കു ശേഷം പാളയം പ്രദീപിനെ സ്റ്റാഫാക്കി നിയമിക്കാൻ രമ്യ ഹരിദാസ് നടത്തിയ നീക്കവും ഏറെ വിവാദമായിരുന്നു.
ഏതാനും ദിവസം മുൻപ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതിനെ സജാദ് പാർട്ടിക്കുള്ളിൽ ചോദ്യംചെയ്തതാണു കയ്യാങ്കളിയിൽ കലാശിച്ചത്. സജാദിന്റെ വീട്ടിലെത്തിയ രമ്യയും പ്രദീപും സംസാരിക്കുന്നതിനിടെ തർക്കമുണ്ടാകുകയും സജിത്ത് ഉൾപ്പെടെയുള്ളവർ ഇടപെടുകയുമായിരുന്നു. തുടർന്ന് ഇരുകൂട്ടരും പോലീസിൽ പരാതി നൽകി. രമ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു സജാദിനെതിരെ ഉൾപ്പെടെ പോലീസ് കേസെടുത്തത്.






