ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിൽ അറസ്റ്റിലായ യുവാവ് ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനത്തിൽ നിന്ന് ചാടിമരിച്ചു. അസമിലെ ഗുവാഹത്തിയിൽ തിങ്കളാഴ്ചയാണ് സംഭവം. 30കാരനായ രാമാനുജ് ഗോസ്വാമിയാണ് മരിച്ചത്. ഗുവാഹത്തി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ വൈദ്യപരിശോധനയ്ക്ക് ശേഷം ഗോസ്വാമിയെ ഹതിഗാവ് പൊലീസ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെയാണ് പ്രതി വാഹനത്തിൽ നിന്ന് ചാടിയത്. ഗോസ്വാമി പെട്ടെന്ന് പൊലീസ് സംഘത്തെ ആക്രമിക്കുകയും നരകാസുർ പഹാർ പ്രദേശത്തിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് ചാടുകയും ഒരു കൊക്കയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ഹതിഗാവ് പൊലീസ് വിശദീകരിക്കുന്നു.
കൊക്കയിലേക്ക് വീണതിനെ തുടര്ന്ന് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവാവിനെ ജിഎംസിഎച്ചിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. സെപ്റ്റംബർ 3 ന് ഗുവാഹത്തിയിലെ ഫ്ലാറ്റിൽ വെച്ച് ഭാര്യ റിയ താലൂക്ക്ദാറിനെ(25) കൊലപ്പെടുത്തിയ കേസിലാണ് രാമാനുജ് അറസ്റ്റിലാകുന്നത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് രാമാനുജ് റിയയെ അതിദാരുണമായി കൊലപ്പെടുത്തുന്നത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പരാതിപ്പെട്ടതിനെ തുടർന്നാണ് കുറ്റകൃത്യം വെളിച്ചത്തുവന്നത്.
ഫ്രിഡ്ജിൽ നിന്ന് കറുത്ത പോളിത്തീൻ ബാഗിൽ നിന്ന് സ്ത്രീയുടെ അറ്റുപോയ തലയും വിരലുകളും പൊലീസ് കണ്ടെടുത്തു.സെപ്തംബര് 6ന് പ്രതി പൊലീസിൽ കീഴടങ്ങി. പിന്നീട് തെളിവെടുപ്പിനായി കൊണ്ടുപോയപ്പോൾ ഭാര്യയെ കൊന്നതിൽ തനിക്ക് യാതൊരു പശ്ചാത്താപമോ ഖേദമോ ഇല്ലെന്നായിരുന്നു രാമാനുജിന്റെ പ്രതികരണം. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ഭാര്യയുടെ ഷുഗർ ഡാഡി എന്ന് താൻ വിശേഷിപ്പിച്ച ആളെ കൊല്ലുമെന്ന് ഗോസ്വാമി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.






