ന്യൂഡൽഹി: സ്കിസോഫ്രീനിയ ബാധിച്ചിരുന്ന 38കാരനായ മകനെ കല്ലുകൊണ്ട് ആക്രമിച്ച ശേഷം തുണിക്കഷ്ണങ്ങൾ കൊണ്ടുണ്ടാക്കിയ കയർ ഉപയോഗിച്ച് കഴുത്തിൽ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയെന്ന കേസിൽ 64കാരനായ പിതാവും സുഹൃത്തും അറസ്റ്റിൽ. തെക്കുകിഴക്കൻ ഡൽഹിയിലെ കാളിന്ദി കുഞ്ചിലാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ടത് ഗുൽ ഹസൻ എന്നയാളാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ ഇയാളുടെ പിതാവ് തൽഖ്ദാർ അൻസാരി, സുഹൃത്ത് മുഹമ്മദ് വസീം എന്ന അക്രം (49) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും തയ്യൽ തൊഴിലാളികളാണ്..
ഓഗസ്റ്റ് 23ന് വൈകിട്ട് 7.13ഓടെയാണ് ആളൊഴിഞ്ഞ ഒരു കണ്ടെയ്നറിനുള്ളിൽ തിരിച്ചറിയാനാകാത്ത ഒരാളുടെ മൃതദേഹം കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. ഡൽഹി- മുംബൈ എക്സ്പ്രസ് വേയിൽ നിന്ന് ഏകദേശം 500 മീറ്റർ കിഴക്കുള്ള പ്രദേശത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ തലയിൽ പരുക്കേറ്റ പാടുകൾ കണ്ടെത്തി. സമീപത്തുനിന്ന് രക്തക്കറയുള്ളതായി സംശയിക്കുന്ന കോൺക്രീറ്റ് കല്ലും കണ്ടെടുത്തു.
തുടർന്ന് പോലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജോയിന്റ് പോലീസ് കമ്മീഷണർ വിജയ് കുമാറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മീഷണർ വിനീത് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ദിവസങ്ങളോളം പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതികളിലേക്ക് എത്തിയത്.
മരിച്ചയാളുടെ നീക്കങ്ങൾ പിന്തുടർന്ന പോലീസ്, ഗുൽ ഹസൻ രണ്ട് പുരുഷന്മാർക്കൊപ്പം സംഭവസ്ഥലത്തേക്ക് പോകുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ രണ്ടുപേരും തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിലെ ഒരു തയ്യൽ ഫാക്ടറിയിൽ ജോലി ചെയ്യുന്നവരാണെന്ന് കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് എസിപി അനിൽ ശർമയുടെ നേതൃത്വത്തിലുള്ള സംഘം അൻസാരിയെയും വസീമിനെയും കസ്റ്റഡിയിലെടുത്തു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മകൻ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി പിതാവ് പറഞ്ഞതായാണ് വിവരം. പോലീസ് ഇത് സ്കിസോഫ്രീനിയയാണെന്ന് വ്യക്തമാക്കി. മകൻ പലപ്പോഴും അക്രമാസക്തനാകുകയും തന്നെയും കുടുംബത്തിലെ മറ്റുള്ളവരെയും ആക്രമിക്കുകയും ചെയ്തിരുന്നുവെന്നും അൻസാരി മൊഴി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മകന് ആവശ്യമായ ചികിത്സ നൽകാൻ തനിക്ക് കഴിയാത്തതിലുള്ള നിരാശയും അൻസാരി അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് റിപ്പോർട്ട്.
അതേസമയം മകനെ കൊലപ്പെടുത്താൻ അൻസാരിയും സുഹൃത്ത് വസീമും ഏതാനും ദിവസങ്ങൾക്ക് മുമ്പ് പദ്ധതിയിട്ടെന്നു പോലീസ് പറയുന്നു. ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് ഇരുവരും ഗുൽ ഹസനെ ആളൊഴിഞ്ഞ കണ്ടെയ്നറിനടുത്തേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടെ ഹസന് സംശയം തോന്നാതിരിക്കാൻ അൻസാരി സമോസ വാങ്ങിക്കൊടുത്തതായും പോലീസ് പറഞ്ഞു.
പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിയതിന് പിന്നാലെ വസീം കോൺക്രീറ്റ് കല്ലുകൊണ്ട് ഹസന്റെ തലയ്ക്ക് അടിച്ചു. തുടർന്ന് അൻസാരിയും ആക്രമിച്ചതായാണ് പോലീസ് പറയുന്നത്. പിന്നീട് തുണി മാലിന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച കയർ ഉപയോഗിച്ച് ഹസന്റെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹം കണ്ടെയ്നറിനുള്ളിൽ ഉപേക്ഷിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.
ആദ്യം ഹസനെ യമുനാ നദിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു ഇരുവരുടെയും പദ്ധതിയെന്നും പോലീസ് കണ്ടെത്തി. എന്നാൽ നദിക്കരയിൽ എത്തിയപ്പോൾ ആളുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ പദ്ധതി ഉപേക്ഷിച്ച് ആളൊഴിഞ്ഞ കണ്ടെയ്നറിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കോൺക്രീറ്റ് കല്ലും കയറും രക്തക്കറയുള്ള വസ്ത്രങ്ങളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






