കോഴിക്കോട്: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ കയ്യിൽനിന്ന് മകൾ സമ്മാനം സ്വീകരിക്കില്ലെന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് പരസ്യമായി നിലപാടെടുത്തതോടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാന ചടങ്ങിൽനിന്ന് പിന്മാറി.
കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയായിരുന്നു സംഭവം. ‘കൊലയാളിയിൽ നിന്ന് മകൾ സമ്മാനം സ്വീകരിക്കില്ല’ എന്ന് രക്ഷിതാവ് പരസ്യമായി വ്യക്തമാക്കിയതോടെ ശ്രീറാം വെങ്കിട്ടരാമൻ വേദിയിൽനിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് ചടങ്ങിലുണ്ടായിരുന്ന അസിസ്റ്റന്റ് കളക്ടർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ചെറൂട്ടി നഗർ സ്വിമ്മിങ് പൂളിലാണ് കിഡ്സ് സ്വിമ്മത്തോൺ മത്സരം സംഘടിപ്പിച്ചത്. കാലിക്കറ്റ് ട്രൈത്തലോൺ മത്സരത്തിൽ പങ്കെടുക്കുന്നതിനായി കോഴിക്കോട്ടെത്തിയതായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. ഇതിനിടെ മറ്റൊരു സ്വിമ്മിങ് മത്സരത്തിന്റെ സംഘാടകർ അദ്ദേഹത്തെ സമ്മാനദാനത്തിനായി ക്ഷണിക്കുകയായിരുന്നു.
സമ്മാനദാന ചടങ്ങിനിടെയാണ് രക്ഷിതാവ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.






