കൊച്ചി ∙ വർഷങ്ങൾക്കുശേഷം നടൻ ദിലീപും മഞ്ജു വാര്യരും ഒരേ ചടങ്ങിൽ ഒരേസമയം പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കാക്കനാട്ട് പുതുതായി ആരംഭിച്ച മാജിക് ഫ്രെയിംസ് തിയേറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും എത്തിയത്.
ഉദ്ഘാടനത്തിന് പിന്നാലെ നടന്ന പ്രത്യേക പ്രദർശനത്തിലും ദിലീപും മഞ്ജു വാര്യരും പങ്കെടുത്തു. ഇരുവർക്കും ഒരേ വരിയിലായിരുന്നു ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നത്. എന്നാൽ വരിയുടെ രണ്ട് അറ്റങ്ങളിലായാണ് ഇരുവരും ഇരുന്നത്.
മഞ്ജു വാര്യരുടെ സമീപത്ത് ജയസൂര്യയും പൃഥ്വിരാജുമായിരുന്നു ഇരുന്നത്. ദിലീപിന്റെ തൊട്ടടുത്ത സീറ്റിലായിരുന്നു ഉമ തോമസ് എം.എൽ.എ.
തിങ്കളാഴ്ചയാണ് കാക്കനാട്ടെ മാജിക് ഫ്രെയിംസ് തിയേറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നത്. നാല് സ്ക്രീനുകളാണ് പുതിയ സമുച്ചയത്തിലുള്ളത്. ഇന്ത്യയിലെ ആദ്യ ഹൈ എൽഇഡി ട്രാൻസ്പരന്റ് സ്ക്രീൻ എന്ന പ്രത്യേകതയും തിയേറ്ററിനുണ്ട്.
ഉദ്ഘാടന ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറപ്രവർത്തകരും രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ചടങ്ങിന് ശേഷം ഒന്നാം സ്ക്രീനിൽ താരങ്ങൾക്കും സിനിമാപ്രവർത്തകർക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി പ്രത്യേക പ്രദർശനവും നടന്നു. ഇതിനിടെയാണ് ദിലീപും മഞ്ജു വാര്യരും ഒരേ ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.






