കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ വിദ്യാർഥിയും കരുനാഗപ്പള്ളി സ്വദേശിയുമായ ബിലാലിനെയാണ് കാണാതായത്.
വൈകുന്നേരം വീട്ടിൽനിന്ന് പുറത്തുപോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്ന് വീട്ടുകാർ പൊലീസിനെ അറിയിച്ചു. കളിക്കാൻ പോകുകയാണെന്നാണ് കുട്ടി വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ പറഞ്ഞിരുന്നതെന്നാണ് വിവരം.
വീടിന് സമീപത്തെ കന്നേറ്റി കായലിന് സമീപത്തുനിന്ന് കുട്ടിയുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് കുട്ടി കായലിൽ ഇറങ്ങിയിട്ടുണ്ടാകാമെന്ന സംശയം ഉയർന്നത്.
തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് കന്നേറ്റി കായലിൽ തിരച്ചിൽ ആരംഭിച്ചു. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്തും പരിശോധന തുടരുകയാണ്.





