മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ ഫ്രീസറുകൾ തകർത്ത് മത്സ്യം മോഷ്‌ടിച്ചു. 1.30 ലക്ഷം രൂപയുടെ മത്സ്യവും 5000 രൂപയും നാല് കത്തികളും മോഷ്ടാക്കൾ കവർന്നു. മഞ്ചേശ്വരം ഹൊസബെട്ടു സ്വദേശി അബ്ദുറഹ്‌മാനും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന കടയിലാണ് മോഷണം നടന്നത്. ഫ്രീസറുകളിൽ ഫൈബർ ബോക്സിനകത്ത് സൂക്ഷിച്ച മത്സ്യമാണ് മോഷ്ടിച്ചത്.
ഫ്രീസറുകൾ തകർത്ത നിലയിലായിരുന്നു. ബുധനാഴ്ച കട തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. മോഷ്ടാക്കൾ ചാക്കിൽ കെട്ടി ഇരുചക്രവാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്ന നിരീക്ഷണ കാമറ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






