മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. ‘ഇന്റർവ്യൂ സ്റ്റാർ’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ധ്യാനിന്റെ വേദികളിലെ പ്രസംഗങ്ങളും തമാശകളും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അടുത്തിടെ കേരളത്തിന്റെ മുഖ്യമന്ത്രിയായി താൻ അധികാരത്തിലേറുമ്പോൾ മുന്നിൽ നവ്യ ഉണ്ടാകണമെന്ന ധ്യാനിന്റെ പരാമർശം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ചുള്ള പരാമർശവുമായി ധ്യാൻ എത്തിയിരിക്കുകയാണ്. ഒപ്പം മുഖ്യമന്ത്രി വി.ഡി. സതീശനെക്കുറിച്ചും ധ്യാൻ സംസാരിക്കുന്നുണ്ട്.
‘ഞാൻ സിഎം ആവണമെന്ന് പറഞ്ഞത് വെറുതെയാണ്. തമാശയ്ക്ക് പറഞ്ഞ കാര്യമാണ്. ഞാൻ സിഎം ആവണമെന്ന് പറഞ്ഞപ്പോൾ ഹൈബി ചേട്ടൻ (ഹൈബി ഈഡൻ) എന്നെ നോക്കി ചിരിച്ചു. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. നിങ്ങൾ മുഖ്യമന്ത്രി ആവുമ്പോൾ ഞാൻ പ്രതിപക്ഷ നേതാവ് ആയിക്കോളാം. അതുകൊണ്ട് ടെൻഷൻ വേണ്ട’, ഒരു ജ്വല്ലറി ഉദ്ഘാടന വേദിയിൽ ധ്യാൻ പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശനെക്കുറിച്ചും ധ്യാൻ വേദിയിൽ സംസാരിച്ചു.
‘നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞേ മതിയാവൂ. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നമ്മൾ ഒരുമിച്ച് ഒരു വേദി പങ്കിട്ടിരുന്നു. മനസിന്റെ സൂചികയാണ് അല്ലെങ്കിൽ മുഖത്തിന്റെ സൂചികയാണ് മനസ്. ചില ആൾക്കാരുടെ മനസിൽ ഉള്ളതെല്ലാം തന്നെ മുഖത്ത് വരും. മനസിൽ എന്താണോ ഉള്ളത് അത് മുഖത്ത് കാണാം.ദേഷ്യവും വിഷമവും എല്ലാം. ചില ആൾക്കാർ ചിരിച്ചുകൊണ്ട് കഴുത്തറുക്കും. അങ്ങനെ ഉള്ള ആൾക്കാരെ നമ്മൾ കണ്ടിട്ടുണ്ടാവും. അങ്ങനെയുള്ളവരുണ്ട്. പക്ഷേ മനസിൽ ഉള്ളതെല്ലാം തുറന്നുപറയുകയും അല്ലെങ്കിൽ മനസിലുള്ളത് മുഖത്ത് കാണിക്കുകയും ചെയ്യുന്ന ഞാൻ കണ്ട ചുരുക്കം ചില പേരിൽ ഒരാളാണ് സിഎം വി.ഡി. സതീശൻ സർ’, എന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.






