പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം കർണാടകയിലുണ്ടെന്ന് കണ്ടെത്തി. മൈസൂരു ജില്ലയിലെ ചാമരാജ് നഗറിൽ ഇവർ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് നിർണായക വിവരം ലഭിച്ചത്.
വാണിയംകുളം പനയൂരിലെ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കഴിഞ്ഞ 9-ന് പുലർച്ചെ മുതൽ കാണാതായത്. കുടുംബത്തെ കണ്ടെത്തുന്നതിനായി ബാബു ഭാസ്കറിന്റെ മൂത്തമകൻ വൈശാഖും കർണാടകയിലെത്തിയിട്ടുണ്ട്.
കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ വാഹനം അന്വേഷണത്തിൽ നിർണായക തെളിവായി മാറി.
ബന്ധുക്കൾ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതോടെ അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ, വ്യാഴാഴ്ച പുലർച്ചെ കുടുംബത്തിന്റെ പിക്കപ്പ് വാഹനം വീട്ടിൽ നിന്ന് പുറപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പിന്നീട് ഇതേ വാഹനമാണ് വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്നുള്ള അന്വേഷണത്തിലാണ് കുടുംബം കർണാടകയിലെ ചാമരാജ് നഗറിൽ എത്തിയതായി സൂചന ലഭിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


















































