മലപ്പുറം: വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അപകീർത്തികരവും മതസ്പർധയ്ക്ക് ഇടയാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയ യൂറ്റ്യൂബർക്കെതിരെ യൂത്ത് ലീഗ് പോലീസിൽ പരാതി നൽകി. മലപ്പുറം പോലീസിലാണ് പരാതി സമർപ്പിച്ചത്.
ബ്രഹ്മ കോഗ്നിഷൻ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും ചേർന്ന് നിലവിളക്ക് കൊളുത്തിയ സംഭവത്തെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച വീഡിയോയിൽ മതവികാരം വ്രണപ്പെടുത്തുന്നതും അപകീർത്തികരവും അശ്ലീലപരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
സംഭവത്തിൽ നിയമനടപടി സ്വീകരിച്ച് വീഡിയോയുടെ ഉള്ളടക്കം പരിശോധിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാഫി കാടേങ്ങലാണ് പരാതി നൽകിയത്.


















































