ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ പരാമർശത്തിന് മറുപടിയുമായി കോക്രോച്ച് ജനത പാർട്ടി. നിതിൻ നബിൻ അഹങ്കാരം അവസാനിപ്പിച്ച് വിനയം കാണിക്കണമെന്നും ഈ നിലപാട് തുടർന്നാൽ ഏതാനും വർഷങ്ങൾക്കകം ബി.ജെ.പി ഈ രാജ്യത്തുനിന്ന് തന്നെ ഇല്ലാതാകുമെന്നും സി.ജെ.പി വക്താവ് അശുതോഷ് രങ്ക പറഞ്ഞു. അഹങ്കാരം തുടർന്നാൽ ബിജെപി പൂർണമായും ഇല്ലാതാകും. നിരോധിക്കാനും വിശ്വാസ്യത നശിപ്പിക്കാനും അടക്കം കഴിഞ്ഞ 12 വർഷമായി ഒരേ കാര്യം തന്നെയാണ് ബിജെപി ചെയ്യുന്നതെന്നും അശുതോഷ് പറഞ്ഞു.
രാജ്യത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വൈറസുകളും പാറ്റ പാർട്ടികളും രാജ്യത്ത് പ്രവർത്തിക്കുന്നത് എന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനിന്റെ പരാമർശം. രാജ്യത്തെ വിഭജിക്കുകയാണ് കോക്രോച്ച് പാർട്ടിയുടെ ലക്ഷ്യമെന്നും നിതിൻ ആരോപിച്ചിരുന്നു. അതിനെതിരെയാണ് സിജെപി രംഗത്തെത്തിയത്. ‘കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് അവർ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. രാജ്യത്തെ വിഭജിക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമാണ് ബി.ജെ.പിയുടെ പ്രധാന അജണ്ട.
അവർ അതിനാണ് ആളുകളെ പ്രേരിപ്പിക്കുന്നത്. ആയിരത്തിലധികം ആളുകൾ ഇവിടെ സമരം ചെയ്യാൻ തുടങ്ങിയിട്ട് 11 ദിവസമായി. എന്നാൽ, അവർ മുന്നോട്ടു വെച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. നിതിൻ നബിൻ അഹങ്കാരം അവസാനിപ്പിക്കണം. കുറച്ച് വിനയം കാണിക്കണം. അല്ലാത്തപക്ഷം വർഷങ്ങൾക്കകം നിങ്ങളുടെ പാർട്ടി ഇവിടെനിന്ന് പൂർണമായും ഇല്ലാതാകും’ -അശുതോഷ് മുന്നറിയിപ്പ് നൽകി.

















































