കാസര്‍കോട്: പാതി രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി. രണ്ട് പേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയും 27കാരിയുമായ ഭര്‍തൃമതിയുടെ പരാതിയിലാണ് നടപടി. ഇരുവരും പൊലീസിന്റെ കസ്റ്റഡിയിലാണെന്നാണ് സൂചന. ജൂണ്‍ 23ന് രാത്രി പത്തര മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. വീഡിയോ സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിക്കുമെന്നും ഭര്‍ത്താവിനു അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി യുവതിയോട് പണം ആവശ്യപ്പെട്ടു.
പണം ഇല്ലെന്നു പറഞ്ഞപ്പോള്‍ ഡയമണ്ട് കമ്മല്‍ ഭീഷണിപ്പെടുത്തി ഊരിവാങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളിലും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നു. താനുമായുള്ള ലൈംഗികബന്ധത്തിന് വഴങ്ങണമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

















































