ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്ക്. അപകടത്തിൽ നെടുമുടി ആശാരി പറമ്പിൽ സുനീഷിനാണ്(22) പരുക്കേറ്റത്. എ സി റോഡിൽ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം. എതിർ ദിശയിൽ വന്ന ബൈക്കും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു .ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്.
ചമ്പക്കുളം ജലമേള കഴിഞ്ഞ് എംഎൽഎ ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. ഈ സമയം ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന ബൈക്കുമായി എംഎൽഎയുടെ ഔദ്യോഗിക വാഹനം കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് അമിതവേഗത്തിലായിരുന്നു എന്നും എംഎൽഎയുടെ വാഹനമായിരുന്നു അമിതവേഗതയിലെന്നും ആരോപണമുണ്ട്.
അതേസമയം ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയാണ് സുനീഷ്. ഇടിയുടെ ആഘാതത്തിൽ വീണ സുനീഷിന്റെ ഹെൽമെറ്റ് തെറിച്ചുപോയി എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ പെട്ട യുവാവിനെ ചമ്പക്കുളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തലയ്ക്ക് ഗുരുതരമായ പരുക്കായതിനാൽ പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

















































