കോഴിക്കോട്: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് ഭയന്ന് ജീവനും കൊണ്ടോടിയ യുവാവിന് കിണറ്റിൽ വീണ് പരുക്കേറ്റു. ആമ്പ്രമ്മൽ പാലക്കൽ ഹർഷക്(26) ആണ് കിണറ്റിൽ വീണത്.
പോലീസിനെ ഭയന്നോടിയ ഇയാൾ ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിലാണ് വീണത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. 40 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ഹർഷക് വീണത്. അപകടത്തിൽ ഇയാളുടെ കാലിന് പൊട്ടലുൾപ്പെടെ സാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
വെള്ളിമാടുകുന്ന് നിന്ന് എത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് യുവാവിനെ പുറത്തെടുത്തത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


















































