കൊച്ചി: അമ്മയിൽ നിന്നും രാജിവച്ചതില്‍ വിശദീകരണവുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. പാവയാകാൻ താനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ശ്വേത കഴിഞ്ഞ വർഷം അമ്മ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തനിക്ക് എതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നും ആരോപിച്ചു. വ്യക്തിഹത്യക്ക് ശ്രമിച്ചു. മുൻ കമ്മറ്റിയിലെ ചിലരുടെ തെറ്റായ പ്രവർത്തനങ്ങൾപോലും അന്വേഷിക്കാൻ സാധിച്ചില്ല.
ചില സ്വാർത്ഥതാത്പര്യക്കാർ അതിൽ ഇടപെട്ടു. അമ്മയിലെ വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളിയെന്നും ശ്വേത ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് ഭരണ സമിതികളുടെയും കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും ശാസ്ത്രീയ ഓഡിറ്റിംഗ് നടത്തണമെന്നും ശ്വേത ആവശ്യപ്പെട്ടിരിക്കുകയാണ്. മുൻകാല കണക്കുകളുമായി ബന്ധപെട്ട് തന്റെ രാജിക്ക് ശേഷവും സംശയങ്ങളുണ്ടെന്ന് പറഞ്ഞ ശ്വേത താൻ ബിജെപിയും അല്ല കമ്മ്യൂണിസ്റ്റും അല്ലെന്നും വ്യക്തമാക്കി.
ബി ജെ പി സർക്കാരിന്റെയോ മുൻ എൽഡിഎഫ് സർക്കാരിന്റെയോ ഒരു പരിപാടിയിലും താൻ പങ്കെടുത്തിട്ടില്ല. ‘പിക്ച്ചർ അബിബാക്കി ഹേ. ബാക്കി വെളിപ്പെടുത്തൽ 26നു മാധ്യമങ്ങളെ കാണുമ്പോഴെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.















































