തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിന് അര്‍ഹത തനിക്കെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിനായി അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ ഹൈക്കമാൻഡിന് കത്തയച്ചു. ജാതിമത സമവാക്യങ്ങൾ കണക്കിലെടുക്കാതെ കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി നേരത്തെ മോശം പരിഗണനയാണ് നൽകിയിട്ടുള്ളത്. പ്രവർത്തന പാരമ്പര്യം പരിശോധിച്ചാൽ മുൻതൂക്കം തനിക്കാണെന്നും ഉണ്ണിത്താൻ ഹൈക്കമാൻഡിന് അയച്ച കത്തിൽ പറയുന്നു. നിലവിലെ കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെയാണ് പദവി ലക്ഷ്യമിട്ട് എം.പിമാരും മുതിർന്ന നേതാക്കളും നീക്കം സജീവമാക്കിയത്.
കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്നാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴക്കൻ, വി.എസ്. ശിവകുമാർ ഉൾപ്പെടെ അധ്യക്ഷ സ്ഥാനത്തിനായി ഇത്തവണ രംഗത്തുണ്ട്. കെ.പി.സി.സി, ഡി.സി.സി അധ്യക്ഷന്മാരെ തീരുമാനിക്കാൻ നിരീക്ഷകർ എത്തുമെന്നും സൂചന ലഭിക്കുന്നുണ്ട്. അതേസമയം, കെ.പി.സി.സി അധ്യക്ഷ പദവിയെച്ചൊല്ലി കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം തുടരുകയാണ്. കോഴിക്കോടും തൃശൂരിലും കോട്ടയത്തും സണ്ണി ജോസഫിനെതിരെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു.















































