കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഐടി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തത്.
സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്തതായി എഫ്ഐആറിൽ ആരോപിക്കുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പരാതി ലഭിച്ചതിന് പിന്നാലെ തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും അവയിൽ പങ്കുവെച്ച ഉള്ളടക്കങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു. പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും നിയമനടപടികൾ തുടരുമെന്നും പൊലീസ് വ്യക്തമാക്കി.















































