ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ. തെരഞ്ഞെടുപ്പ് തിരിച്ചടികളിൽ നിന്ന് പഠിക്കാൻ കോൺഗ്രസ് നേതാവിന് കഴിയാത്തതാണ് എൻഡിഎയുടെ വിജയക്കുതിപ്പ് തുടരാൻ സഹായിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ബിഹാറിലെ ജാമുയയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാസ്വാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 12 വർഷത്തെ ഭരണകാലത്തെക്കുറിച്ചും വികസനനേട്ടങ്ങളും എണ്ണിപ്പറഞ്ഞ പാസ്വാൻ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടിട്ടില്ലെന്നും 2029 ലെ മത്സരത്തിൽ ഇതിനകം തന്നെ വിജയിച്ചു എന്നുമുള്ള രാഹുൽ ഗാന്ധിയുടെ സമീപകാല പരാമർശത്തെ പാസ്വാൻ വിമർശിച്ചു.
“രാഹുൽ ഗാന്ധി മിഥ്യാധാരണയിലാണ് ജീവിക്കുന്നത്. സ്വന്തം മനസിനെ വിശ്വസിക്കുന്നതിൽ എന്താണ് തെറ്റ്? നിങ്ങൾ യുഎസ് പ്രസിഡന്‍റായെന്ന് കരുതുക, അല്ലെങ്കിൽ നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സെക്രട്ടറി ജനറലായെന്ന് കരുതുക. നിങ്ങൾക്ക് ഇഷ്ടമുള്ളത് വിശ്വസിക്കൂ, അത് വിശ്വസിക്കൂ. ആരാണ് നിങ്ങളെ വിശ്വസിക്കുന്നതിൽ നിന്ന് തടയുന്നത്?” കേന്ദ്രമന്ത്രി ചോദിച്ചു.
ആത്മപരിശോധനയ്ക്കും തെറ്റുകൾ തിരുത്തുന്നതിനും അത്തരമൊരു മാനസികാവസ്ഥ തടസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിഥ്യാധാരണയിൽ ജീവിക്കുന്ന ഒരാൾ കഠിനാധ്വാനം ചെയ്യുന്നില്ലെന്നും അതുകൊണ്ടാണ് തെറ്റുകൾ തിരുത്തപ്പെടാതെ പോകുന്നതെന്നും ചിരാഗ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് കാരണം അവരുടെ പോരായ്മകൾ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള കഴിവില്ലായ്മയാണെന്ന് പാസ്വാൻ പറഞ്ഞു.”നിങ്ങളുടെ പോരായ്മകൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ, അവയിൽ നിന്ന് പഠിക്കാതെ മുന്നോട്ട് പോയാൽ, ഞങ്ങൾ വിജയിച്ചുകൊണ്ടേയിരിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















































